ഏക്നാഥ് ചിറ്റ്നിസ് അന്തരിച്ചു
Thursday, October 23, 2025 1:38 AM IST
പൂനെ: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ ഏക്നാഥ് വസന്ത് ചിറ്റ്നിസ് അന്തരിച്ചു. കഴിഞ്ഞ ജൂലൈയിൽ നൂറാം പിറന്നാൾ ആഘോഷിച്ച അദ്ദേഹം വിക്രം സാരാഭായിക്കൊപ്പം തോളോടുതോൾചേർന്നു പ്രവർത്തിച്ചാണ് ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കു തുടക്കംകുറിച്ചത്. ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
1925 ജുലൈ 25 ന് മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ജനനം. സ്കൂൾ, കോളജ് പഠനം പൂനെയിലായിരുന്നു. തുടർന്ന് യുഎസിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) ഉന്നതപഠനം പൂർത്തിയാക്കി.
പ്രഗത്ഭനായ ശാസ്ത്രജ്ഞൻ എന്നതിനൊപ്പം അസാമാന്യ നേതൃപാടവവും പ്രകടിപ്പിച്ച ചിറ്റ്നിസാണ് തുന്പയിൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
1962 ഫെബ്രുവരിയിൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും വിക്രംസാരാഭായിയും ചിറ്റ്നിസും പങ്കെടുത്ത യോഗത്തിലാണ് ബഹിരാകാശ പദ്ധതിയുടെ ആദ്യരൂപരേഖ തയാറാക്കുന്നത്. ഏതാനും ദിവസങ്ങൾക്കകം ഫെബ്രുവരി 13 ന് ദി ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (ഐഎൻസിഒഎസ്പിഎആർ) സ്ഥാപിതമായി. ഇതാണ് ബഹിരാകാശ ഗവേഷണരംഗത്തെ രാജ്യത്തിന്റെ കുതിപ്പിനു കാരണമായത്.
1981 മുതൽ 85 വരെ അഹമ്മദാബാദിലെ ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ (എസ്എസി) സെക്കൻഡ് ഡയറക്ടറായിരുന്നു ചിറ്റ്നിസ്. മുൻ രാഷ് ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ബഹിരാകാശ ഗവേഷണത്തിൽ കൈപിടിച്ചുയർത്തിയതും മറ്റാരുമല്ല. ഡോ. കലാമിനെ എസ്എല്‍വി എന്ന ആദ്യ ഇന്ത്യന്‍ വിക്ഷേപണവാഹന പദ്ധതിയുടെ തലപ്പത്തേക്ക് നിര്‍ദേശിച്ചത് ചിറ്റ്നിസിയാരുന്നു. ഇന്‍സാറ്റ് ഉപഗ്രഹ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ബഹിരാകാശ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചു. മലേറിയ ഗവേഷണത്തിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞനും പദ്മശ്രീ ജേതാവുമായ ചേതൻ ചിറ്റ്നിസ് ആണ് മകൻ. മരുമകൾ: അമിക. കാന്‍സര്‍ ഗവേഷകയായി കുമുദ് ആണ് ഭാര്യ.
യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍ കേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അവർ 2020 ലാണ് അന്തരിച്ചത്.