ജസ്റ്റീസ് അതുൽ ശ്രീധരന്റെ സ്ഥലം മാറ്റം: കേന്ദ്രസർക്കാർ ഇടപെടൽ വിവാദമാകുന്നു
Thursday, October 23, 2025 1:38 AM IST
സനു സിറിയക്
ന്യൂഡൽഹി: മധ്യപ്രദേശ് ഹൈക്കോടതിയിലെ മലയാളി ജഡ്ജി ജസ്റ്റീസ് അതുൽ ശ്രീധരന്റെ സ്ഥലംമാറ്റത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വിവാദമാകുന്നു. കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുള്ള ജസ്റ്റീസിന്റെ സ്ഥലംമാറ്റ ശിപാർശ പുനഃപരിശോധിക്കുകയാണെന്നാണ് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കിയത്. തുടർന്ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു.
ജുഡീഷറിയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലാണ് ഇതു സൂചിപ്പിക്കുന്നതെന്നും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര നീതിന്യായ പ്രക്രിയയ്ക്കുമേലുള്ള കടന്നുകയറ്റമാണിതെന്നും വിമർശനമുയരുന്നുണ്ട്.
ജസ്റ്റീസ് ശ്രീധരന്റെ സ്ഥലംമാറ്റത്തിലെ കേന്ദ്ര ഇടപെടലും സുതാര്യതയില്ലായ്മയും ആശങ്കയുണ്ടാക്കുന്നതാണെന്ന് നിയമ, സാമൂഹിക പ്രവർത്തന രംഗത്തെ വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ്മയായ സിജെഎആർ ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റം ഉടൻ പിൻവലിക്കണമെന്നും സ്ഥലംമാറ്റങ്ങൾക്കു വ്യക്തമായ കാരണങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്നും കൊളീജിയത്തിന് അയച്ച കത്തിൽ സിജെഎആർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം പുനഃപരിശോധനയ്ക്കായി തിരിച്ചുവിളിക്കുകയും അലഹബാദ് ഹൈക്കോടതിയിലേക്ക് അതുൽ ശ്രീധരനെ സ്ഥലം മാറ്റുന്നതിനുള്ള പുതിയ ശിപാർശ നൽകുകയും ചെയ്തത് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയത്തിന്റെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നുവെന്നാണ് ആരോപണം. ഇതാദ്യമായല്ല സർക്കാരിന്റെ ആഗ്രഹങ്ങൾക്കു സുപ്രീംകോടതി കൊളീജിയം വഴങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.
ഗുജറാത്ത് ‘വ്യാജ ഏറ്റുമുട്ടൽ’ കേസിൽ ശക്തമായ നിലപാട് സ്വീകരിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അഖിൽ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കുന്നതിൽ 2018ൽ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് നാല് ജഡ്ജിമാർ മാത്രമുള്ള ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റീസായി അദ്ദേഹത്തെ നിയമിച്ചു.
വിരമിക്കുന്നതിന് ആറു മാസം മുന്പ് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഖുറേഷിയെ നിയമിച്ചു. ഹൈക്കോടതികളിലെ മുതിർന്ന ജഡ്ജിമാരിൽ ഒരാളായിരുന്ന അദ്ദേഹത്തെ സുപ്രീംകോടതിയിലേക്കു പരിഗണിക്കാതിരുന്നതും വിവാദമായിരുന്നു.
കേന്ദ്രസർക്കാർ മറുപടി നൽകാതിരുന്നതിനെത്തുടർന്ന് ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന എസ്. മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിക്കാനുള്ള ശിപാർശ കൊളീജിയത്തിനു പിൻവലിക്കേണ്ടിവന്നു. ഇതും കൊളീജിയത്തിന്റെ തീരുമാനത്തിലെ കേന്ദ്രസർക്കാരിന്റെ ഇടപെടലാണു സൂചിപ്പിച്ചത്. 2022 ലായിരുന്നു ഈ സംഭവം.
ജസ്റ്റിസ് അതുൽ ശ്രീധരന് മൂന്നാം തവണയാണു സ്ഥലംമാറ്റം ലഭിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയിൽനിന്ന് ആദ്യം അദ്ദേഹത്തെ ജമ്മു കാഷ്മീർ-ലഡാക്ക് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി.
സ്വന്തം മകൾ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന കോടതിയുടെ ഭാഗമാകാൻ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടി സ്വന്തം ആവശ്യപ്രകാരമായിരുന്നു ഈ മാറ്റം. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റി. ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലേക്കു മാറ്റാനുള്ള ശിപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തു.
ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കുള്ള സ്ഥലംമാറ്റം അംഗീകരിക്കുകയായിരുന്നുവെങ്കിൽ സീനിയോറിറ്റി അടിസ്ഥാനത്തിൽ അവിടെ രണ്ടാമത്തെ ജഡ്ജിയാകുമായിരുന്നു. എന്നാൽ അലഹബാദ് ഹൈക്കോടതിയിൽ ഏഴാം സ്ഥാനത്താണ് അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സൈനികനടപടികൾ രാജ്യത്തോടു വിവരിച്ച ലഫ്.കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദികളുടെ സഹോദരി എന്നു ആക്ഷേപിച്ച മധ്യപ്രദേശിലെ ബിജെപി മന്ത്രിക്കെതിരേ നടപടിക്ക് ഉത്തരവിട്ട ജഡ്ജിയാണു അതുൽ ശ്രീധരൻ.