ഹിന്ദു പിന്തുടർച്ചാവകാശം; പട്ടികവർഗക്കാർക്കു ബാധകമാകില്ലെന്ന് സുപ്രീംകോടതി
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് 1956ലെ ഹിന്ദു പിന്തുടർച്ച അവകാശനിയമം ബാധകമല്ലെന്നു സുപ്രീംകോടതി.
നിയമത്തിലെ സെക്ഷൻ 2 (2) പ്രകാരം കേന്ദ്രസർക്കാർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ഈ നിയമം ബാധകമല്ലെന്നു ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
ഹിമാചൽപ്രദേശിലെ ആദിവാസിമേഖലകളിലെ പെണ്‍കുട്ടികൾക്കു ഹിന്ദു പിന്തുടർച്ച അവകാശ നിയമപ്രകാരം സ്വത്തുക്കൾ അവകാശപ്പെടാമെന്ന ഹിമാചൽപ്രദേശ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി.
കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ മാറ്റം വരുത്താത്തിടത്തോളം ഭരണഘടനയുടെ ആർട്ടിക്കിൾ 366 ലെ ഖണ്ഡിക (25)ന്റെ പരിധിയിലുള്ള പട്ടികവർഗത്തിൽ ഉൾപ്പെടുന്ന ഏതൊരു അംഗത്തിനും നിയമത്തിന്റെ ആനുകൂല്യം ബാധകമാകില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.