മകൻ ലഹരിക്ക് അടിമ, സത്യം പുറത്തുവരുമെന്ന് പഞ്ചാബ് മുൻ ഡിജിപി
Thursday, October 23, 2025 1:38 AM IST
ചണ്ഡിഗഡ്: മകൻ അഖീൽ അക്തറിന്റെ ദുരൂഹമരണത്തെക്കുറിച്ച് പൊതുവേദിയിൽ ആദ്യമായി പ്രതികരിച്ച് പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫ. മരണത്തിനു മുന്‍പ് സാമൂഹ്യമാധ്യമത്തിലൂടെ അഖീൽ ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ മുഹമ്മദ് മുസ്തഫയ്ക്കും, ഭാര്യയും പഞ്ചാബ് മുന്‍ മന്ത്രിയുമായ റസിയ സുല്‍ത്താനയ്ക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
പതിനെട്ടു വർഷമായി മാനസികപ്രശ്നങ്ങൾ നേരിടുന്ന, ലഹരിക്ക് അടിമയാണു മകനെന്ന് മുഹമ്മദ് മുസ്തഫ പറഞ്ഞു. 2007 മുതലാണ് മകന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായത്. ലഹരി ഉപയോഗിച്ച് അക്രമാസക്തനാകുന്നതുമൂലം പലപ്പോഴും കുടുംബാംഗങ്ങളെ വരെ അപകടത്തിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ സത്യം പൊതുജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പഞ്ച്കുളയിലെ സെക്ടര്‍ നാല് വസതിയില്‍ അബോധാവസ്ഥയില്‍ 35 കാരനായ അഖീലിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിനുശേഷമാണ് അഖീലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നത്. അമിത അളവില്‍ ബ്യൂപ്രെനോര്‍ഫിന്‍ കുത്തിവച്ചതാണു മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് മുൻ ഡിജിപി വിശദീകരിച്ചു. മാനസിക ബുദ്ധിമുട്ടുകൾക്കു വർഷങ്ങളായി ചണ്ഡിഗഡിലെ പിജിഐഎംഇആറില്‍ മകൻ ചികിത്സയിലാണ്.
ഡെറാഡൂണിലെ പ്രശസ്തമായ ഡൂൺ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്പോഴാണ് ലഹരി ഉപയോഗം തുടങ്ങിയത്. അമിതലഹരിയിൽ ഒരിക്കല്‍ വീടിന് തീകൊളുത്തുക വരെ ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് വാങ്ങാന്‍ പണത്തിനായി ഭാര്യയെയും അമ്മയെയും പലതവണ ഉപദ്രവിച്ചിരുന്നു.ലഹരി ഉപയോഗിച്ച് അഖീൽ പലതവണ അപകടത്തിൽപ്പെട്ടു. തലച്ചോറിന് ക്ഷതം ഉൾപ്പെടെ സംഭവിച്ചിരുന്നുവെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞു.
1985 ബാച്ച് ഐപിഎസ് ഓഫീസറായ മുസ്തഫ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി ഒരുകാലത്ത് അടുത്ത ബന്ധം പുലർത്തിയിരുന്നു. പിന്നീട് ദിനകർ ഗുപ്തയെ ഡിജിപി ആക്കിയതോടെ ഇരുവരും തമ്മിലുള്ള ബന്ധം ഉലഞ്ഞു. സുപ്രീംകോടതി ഇടപെടലിലാണ് മുസ്തഫ പിന്നീട് പോലീസ് തലപ്പത്തെത്തിയത്.
2021ൽ സർവീസിൽനിന്നു വിരമിച്ചശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി. നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകനായും പ്രവർത്തിച്ചു.
ഭാര്യ റസിയ സുൽത്താന മലേർകോട്ലയിൽ നിന്ന് പലതവണ നിയമസഭയിലെത്തിയ അവർ അമരീന്ദർ സിംഗിന്റെയും ചരൻജിത് ചന്നിയുടെയും മന്ത്രിസഭയിൽ അംഗമായിരുന്നു. മരുമകളാകട്ടെ പഞ്ചാബ് വഖഫ് ബോർച് ചെയർപേഴ്സണായി ഏറെക്കാലം പ്രവർത്തിച്ചിരുന്നയാളാണ്.