കണ്ടിട്ടും മിണ്ടാതെ ഗെഹ്ലോട്ട്
Thursday, October 23, 2025 1:38 AM IST
പാറ്റ്ന: മഹാസഖ്യത്തിൽ സീറ്റ് വിഭജനചർച്ചകൾ അനന്തമായി തുടരുന്ന സാഹചര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പാറ്റ്നയിലെത്തി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ കണ്ടു. പ്രതിപക്ഷസഖ്യത്തെ സംബന്ധിച്ച് ബിഹാറിലെ ഫലം പരമപ്രധാനമാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഗഹ്ലോട്ട് മാധ്യമപ്രവർത്തകരോടു പഞ്ഞു.
ലാലുവിന്റെ മകനും പ്രതിപക്ഷനേതാവുമായ തേജസ്വി യാദവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഉയർത്തിക്കാട്ടുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം അദ്ദേഹം നൽകിയില്ല. എന്തിനാണ് നിങ്ങൾ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് മാധ്യമപ്രവർത്തകരോടു തിരിച്ചുചോദിക്കുകയായിരുന്നു ഗെഹ്ലോട്ട്.
രണ്ടുമാസം മുന്പ് വോട്ടർ അധികാർ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും തേജസ്വിയും ഒരുമനസോടെയാണ് സംസ്ഥാനം മുഴുവൻ സഞ്ചരിച്ചത്. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമെടുക്കാൻ അവർക്കറിയാം -ഗെഹ്ലോട്ട് വ്യക്തമാക്കി.
243 അംഗ സഭയിൽ ആർജെഡി 143 സീറ്റുകളിലും കോൺഗ്രസ് 61 സീറ്റിലുമാണു മത്സരിക്കുന്നത്. കുറഞ്ഞത് അഞ്ച് സീറ്റിലെങ്കിലും ഇരു കക്ഷികളും പരസ്പരം സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. സിപിഐ ഉൾപ്പെടെ മറ്റ് സഖ്യകക്ഷികൾക്കെതിരേ മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
അഞ്ചോ പത്തോ സീറ്റുകളിൽ സൗഹൃദമത്സരമെന്നതു വലിയ കാര്യമല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയമെത്തുന്പോഴേക്കും പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.