വോട്ടർപട്ടിക സമഗ്ര പരിഷ്കരണം: നിർണായക യോഗം ഇന്ന്
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലുള്ള വോട്ടർ പട്ടികയിലെ സമഗ്രപരിഷ്കരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കമ്മീഷണർമാരായ എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവർ സംസ്ഥാനങ്ങളുടെ ചുമതലയുള്ള തെരഞ്ഞെടുപ്പു കമ്മീഷണർമാരുമായി ചർച്ച നടത്തും.
എന്നാൽ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു നടക്കുന്നതോടെ നടക്കാനിരിക്കുന്നതോ ആയ സംസ്ഥാനങ്ങളിൽ എസ്ഐആർ ഉടൻ നടപ്പിലാക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടിംഗുമായി ബന്ധപ്പെട്ട് ഏറ്റവും താഴേക്കിടയിലുള്ള പ്രവർത്തനങ്ങൾ സജീവമായതിനാലാണിത്.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുകയാണ് എസ്ഐആറിന്റെ ലക്ഷ്യം. പുറത്താക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ബംഗ്ലാദേശ്, മ്യാൻമർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ്.
ബിഹാറിൽ സെപ്റ്റംബർ 30ന് പുറത്തുവിട്ട അന്തിമ എസ്ഐആർ വോട്ടർപട്ടികയിൽ 7.42കോടി വോട്ടർമാരാണുള്ളത്.