ജസ്റ്റീസ് വർമയ്ക്കെതിരായ അഴിമതി ആരോപണം; അന്വേഷണസമിതിയെ സഹായിക്കാൻ അഭിഭാഷകനെയും ഉൾപ്പെടുത്തി
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ അഴിമതി ആരോപണത്തിൽ പാർലമെന്റ് നിയോഗിച്ച മൂന്നംഗ അന്വേഷണസമിതിയെ സഹായിക്കാൻ അഭിഭാഷകൻ കരണ് ഉമേഷ് സാൽവിയെ ഉപദേശകനായി നിയോഗിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർല.
ഇതുസംബന്ധിച്ച ഉത്തരവ് സ്പീക്കറുടെ ഓഫീസ് പുറത്തിറക്കി. അന്വേഷണത്തിൽ സമഗ്രവും സുതാര്യവുമായ നടപക്രമം ഉറപ്പുവരുത്താനാണ് അഭിഭാഷകനെ നിയോഗിച്ചതെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
രാജ്യത്തെ ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട അപൂർവ അന്വേഷണമാണ് നിലവിൽ നടക്കുന്നത്. അതിനാൽ ജുഡീഷറിക്കും പാർലമെന്റിനുമിടയിൽ ഒരു പാലമായി സാൽവി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. അന്വേഷണസമിതിയെ സഹായിക്കുക, നടപടിക്രമങ്ങൾ ഏകോപിപ്പിക്കുക, അന്തിമ അന്വേഷണറിപ്പോർട്ട് തയാറാക്കുക തുടങ്ങിയവയാണ് ഉപദേശകന്റെ ചുമതലകൾ.
ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത നോട്ടുകെട്ടുകളുടെ കൂട്ടം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ജസ്റ്റീസ് വർമയെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ പാർലമെന്റ് ആരംഭിച്ചത്. ഇതിനായി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മദൻ മോഹൻ ശ്രീവാസ്തവ്, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചു. ജസ്റ്റീസ് വർമയ്ക്കെതിരേ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുന്നതിനായി ലോക്സഭയിൽ അവതരിപ്പിച്ച പ്രമേയം ഇരുപക്ഷവും പിന്തുണച്ചതോടെയാണു സ്പീക്കർ മൂന്നംഗ സമിതി രൂപീകരിച്ചത്.
സമിതിക്കു കാലാവധി നിശ്ചയിക്കാത്ത സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും അന്തിമ റിപ്പോർട്ട് പാർലമെന്റിനു കൈമാറാൻ സാധിക്കും. ജസ്റ്റീസ് വർമ കുറ്റക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയാൽ തുടർ നടപടികൾക്കായി അന്തിമ റിപ്പോർട്ട് പാർലമെന്റിനു കൈമാറും. ഇതു പാർലമെന്റ് പരിഗണയ്ക്കു വയ്ക്കുകയും ഇംപീച്ച്മെന്റ് ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കുകയും ചെയ്യും. ചർച്ചയിൽ ജസ്റ്റീസ് വർമ പങ്കെടുക്കുകയും വേണം.