വനവിസ്തൃതിയിൽ ഇന്ത്യ ഒന്പതിലെത്തി
Thursday, October 23, 2025 1:38 AM IST
ന്യൂഡൽഹി: വനവിസ്തൃതിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്പതാം സ്ഥാനത്തേക്ക് ഉയർന്നുവെന്ന് യുഎൻ റിപ്പോർട്ട്.
യുഎന്നിന്റെ ഭക്ഷ്യ-കാർഷികസംഘടനയുടെ (എഫ്എഒ) ആഗോള വനവിഭവ വിലയിരുത്തലിന്റെ ഈ വർഷത്തെ റിപ്പോർട്ടിലാണ് കഴിഞ്ഞവർഷത്തെ പത്താം സ്ഥാനത്തിൽനിന്ന് ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തിയെന്നു വ്യക്തമാക്കുന്നത്. ഈവർഷത്തെ വിലയിരുത്തൽ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള ആദ്യ അഞ്ചു രാജ്യങ്ങൾ റഷ്യ, ബ്രസീൽ, കാനഡ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ്. റിപ്പോർട്ട് പ്രകാരം ലോകത്താകെയുള്ള വനവിസ്തൃതിയുടെ 53 ശതമാനവും ഈ അഞ്ചു രാജ്യങ്ങളിലാണ്.
അതേസമയം, ആഗോള വനവിസ്തൃതിയുടെ രണ്ടു ശതമാനം ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എഫ്എഒ റിപ്പോർട്ടിൽ ആഗോള വനവിസ്തൃതി നിലവിൽ എത്തി നിൽക്കുന്നത് 414 കോടി ഹെക്ടറിലാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഭൂമിയുടെ 32 ശതമാനം കരഭാഗവും നിലവിൽ വനങ്ങളാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. എങ്കിലും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ലോകത്ത് 0.10 ശതമാനം വനവിസ്തൃതി കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടയിലും ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വനവിസ്തൃതിയിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നേരിയ വർധനയുണ്ട്.
വാർഷിക വനവിസ്തൃതി വർധനയി ൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ള ഇന്ത്യയിൽ 2015 മുതൽ 1,91,000 ഹെക്ടർ വനഭൂമിയാണു വർധിച്ചത്. സുസ്ഥിര വനപരിപാലനത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്നതാണു നേട്ടമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പ്രതികരിച്ചു.