തീരുവയിൽ തീരുമാനമായി ?
Thursday, October 23, 2025 1:38 AM IST
സീനോ സാജു
ന്യൂഡൽഹി: ഇന്ത്യൻ ഇറക്കുമതികൾക്കുമേൽ അമേരിക്ക ചുമത്തിയിട്ടുള്ള 50 ശതമാനം തീരുവ 15 മുതൽ 16 ശതമാനം വരെയായി കുറയ്ക്കുന്ന വ്യാപാരക്കരാറിലേക്ക് ഇന്ത്യ കൂടുതൽ അടുത്തുവെന്ന് റിപ്പോർട്ട്.
അമേരിക്കയുടെ ഭീമൻ തീരുവ വെട്ടിക്കുറയ്ക്കാൻ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കുമെന്നും ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ സാന്പത്തിക പ്രസിദ്ധീകരണമായ ‘മിന്റ്’ വിഷയവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക പിഴത്തീരുവയായി ചുമത്തിയ 25 ശതമാനം തീരുവ ഇതോടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്തൃരാജ്യമായ ഇന്ത്യ നിലവിൽ അസംസ്കൃത എണ്ണയുടെ 34 ശതമാനത്തിനും റഷ്യയെയാണ് ആശ്രയിക്കുന്നത്. അതേസമയം എണ്ണ, വാതക ഇറക്കുമതികളുടെ പത്തു ശതമാനം അമേരിക്കയിൽനിന്നാണ് ഇന്ത്യയിലെത്തുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളുടെ ചുവടുപറ്റിത്തന്നെയാണ് ഇന്ത്യ അമേരിക്കൻ തീരുവ ഒഴിവാക്കുന്നതിനുള്ള വഴികൾ തേടുന്നതും.
ഇന്ത്യ ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചില്ലെങ്കിലും അസംസ്കൃത എണ്ണയുടെ ഇറക്കുമതി അമേരിക്കയിൽനിന്നാക്കാൻ എണ്ണക്കന്പനികൾക്ക് അനൗദ്യോഗിക നിർദേശം നൽകിയേക്കാമെന്ന് ‘മിന്റ്’റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസാവസാനം മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ച പ്രതീക്ഷിക്കപ്പെടുന്നതിനാൽ വ്യാപാരക്കരാറിന്റെ പ്രഖ്യാപനവും അവിടെവച്ച് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കുമോയെന്നതിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
താൻ മോദിയെ ഫോണിൽ വിളിച്ചെന്നും റഷ്യയിൽനിന്ന് അധികം എണ്ണ വാങ്ങില്ലെന്ന ഉറപ്പ് മോദിയിൽനിന്നു തനിക്കു ലഭിച്ചെന്നും കഴിഞ്ഞ ദിവസവും ട്രംപ് ആവർത്തിച്ചിരുന്നു. ട്രംപ് തന്നെ ഫോണിൽ വിളിച്ചെന്ന കാര്യം എക്സിലൂടെ മോദി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദീപാവലി ആശംസകൾ നേർന്നിട്ടുണ്ടെന്നു മാത്രമാണ് ഫോണ് കോളിന്റെ വിശദാംശങ്ങളെപ്പറ്റി പ്രധാനമന്ത്രി വിശദീകരിച്ചത്.
അമേരിക്കൻ വിളകൾക്ക് വിപണി തുറന്നുനൽകും
ഭീമൻ തീരുവ പകുതിയിലധികം വെട്ടിക്കുറയ്ക്കുന്നതിനായി ജനിതകമാറ്റം വരുത്തിയ അമേരിക്കൻ വിളകൾക്ക് (ജിഎം ക്രോപ്സ്) വിപണി തുറന്നു നൽകാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.
അമേരിക്കയിൽനിന്നുള്ള ചോളം, സോയ തുടങ്ങിയ ജിഎം വിളകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ രാജ്യത്തെ കർഷകരെ ബാധിക്കുമെന്നു കണ്ട് ഇതുവരെ കേന്ദ്രസർക്കാർ കന്പോളങ്ങൾ അമേരിക്കയ്ക്ക് തുറന്നുനൽകിയിരുന്നില്ല.
കർഷകരുടെ താത്പര്യങ്ങൾക്കാണ് രാജ്യം പ്രധാന പരിഗണന നൽകുന്നതെന്നും കർഷകരുടെ താത്പര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ചയ്ക്കു തയാറാകില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.
തീരുവ വെട്ടിക്കുറയ്ക്കുന്നതിനായി കാർഷികമേഖലയിൽ വിട്ടുവീഴ്ചയ്ക്കു തയാറായാൽ രാജ്യത്തെ കർഷകസംഘടനകളിൽനിന്നും പ്രതിപക്ഷ കക്ഷികളിൽനിന്നും പ്രതിഷേധമുണ്ടായേക്കാം.
ജനിതകമാറ്റത്തിനു വിധേയമായ വിളകൾ രാജ്യത്തേക്കെത്തിയാൽ ചെറുകിട കർഷകരുടെ വരുമാനത്തെ ബാധിക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളുണ്ടാകുമെന്നുമാണ് ജിഎം ക്രോപ്സിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.