തുളസി ഗബ്ബാർഡ് വൈറ്റ്ഹൗസിലേക്കു മത്സരിച്ചേക്കും
Tuesday, November 13, 2018 12:18 AM IST
വാഷിംഗ്ടൺ ഡിസി :2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനപ്രതിനിധിസഭയിലെ ഹൈന്ദവ അംഗം തുളസി ഗബ്ബാർഡ് തയാറെടുക്കുന്നതായി സൂചന. ലോസ് ആഞ്ചലസിൽ കഴിഞ്ഞ ദിവസം നടന്ന കോൺഫ്രൻസിൽ ഇന്ത്യൻ വംശജനായ ഡോ. സന്പത്ത് ശിവാംഗിയാണ് ഗബ്ബാർഡ് മത്സരിച്ചേക്കുമെന്നു സൂചിപ്പിച്ചത്. കോൺഫ്രൻസിൽ പ്രസംഗിച്ച ഗബ്ബാർഡ് മത്സരിക്കുമെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
ക്രിസ്മസിനു മുന്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് അവരുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ സൂചിപ്പിച്ചു.
ഡെമോക്രാറ്റ് പാർട്ടിക്കാരിയായ ഗബ്ബാർഡ് ഇന്ത്യക്കാരിയല്ലെങ്കിലും ഇന്ത്യൻ വംശജരുടെയിടയിൽ അവർക്ക് ഏറെ ജനപ്രീതിയുണ്ട്. ഹവായ് സ്റ്റേറ്റ് സെനറ്റർ മൈക്ക് ഗബ്ബാർഡിന്റെയും കൊക്കേഷ്യൻ വംശജയായ കരോളിന്റെയും മകളായ തുളസി ഗബ്ബാർഡ് കൗമാരപ്രായത്തിലാണ് ഹൈന്ദവ വിശ്വാസം സ്വീകരിച്ചത്.
ഇത്തവണത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഹവായിയിൽ നിന്ന് തുളസി ഗബ്ബാർഡ് നാലാംവട്ടവും ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.