കേരളത്തിലെ പ്രളയം: ദുഃഖം അറിയിച്ച് മാർപാപ്പ
Monday, August 12, 2019 11:29 PM IST
വത്തിക്കാൻ സിറ്റി: കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മഴക്കെടുതികളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ അതീവദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കദുരിതം നേരിടുന്നവർക്കായി അദ്ദേഹം പ്രാർഥനകൾ നേർന്നു.
മാർപാപ്പയുടെ അനുശോചന സന്ദേശം ഉൾപ്പെടുന്ന ടെലിഗ്രാം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതർക്ക് അയയ്ച്ചു.
അടുത്ത ദിവസങ്ങളിലെ മൺസൂൺ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞതിൽ താൻ അതീവദുഃഖിതനാണെന്ന് മാർപാപ്പ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർഥിച്ച അദ്ദേഹം ദുരന്തത്തെ നേരിടാനുള്ള ശക്തി രാജ്യത്തിനുണ്ടാകട്ടെയെന്നും കൂട്ടിച്ചേർത്തു.