ബ്രെക്സിറ്റ്: സ്കോട്ടിഷ് കോടതിയിൽ കേസ്
Tuesday, August 13, 2019 11:49 PM IST
ലണ്ടൻ: കരാർ കൂടാതെയാണെങ്കിലും ഒക്ടോബർ 31നു ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുന്നതിനുവേണ്ടി പാർലമെന്റ് സസ്പെൻഡ് ചെയ്യാൻ പ്രധാനമന്ത്രി ബോറീസ് ജോൺസൺ ശ്രമിച്ചേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് എഴുപതിലധികം എംപിമാർ നൽകിയ ഹർജി വേഗത്തിൽ പരിഗണിക്കാൻ സ്കോട്ടിഷ് കോടതി ജഡ്ജി ലോർഡ് റെയ്മൻഡ് ഡോഹർട്ടി തീരുമാനിച്ചു.
എഡിൻബറോ കോടതി സെപ്റ്റംബർ ആറിനു കേസിന്മേൽ വാദം കേൾക്കും. പാർലമെന്റ് സസ്പെൻഡ് ചെയ്യുമോ എന്നു വ്യക്തമാക്കാൻ ജോൺസൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ബ്രെക്സിറ്റ് വിരുദ്ധ ഗ്രൂപ്പുകാരായ എംപിമാർ കോടതിയെ സമീപിച്ചത്.
സ്കോട്ടിഷ് നാഷണൽ പാർട്ടി, ലിബറൽ ഡെമോക്രാറ്റ് പാർട്ടി, ലേബർപാർട്ടി എന്നിവയിലെ എംപിമാരാണ് ഹർജിയിൽ ഒപ്പുവച്ചത്.