വിമാന എൻജിൻ കന്പനി ഇന്ത്യയിൽ നിക്ഷേപത്തിനു തയാർ; ഭീമമായ നികുതി ഒഴിവാക്കണം
Thursday, October 10, 2019 12:17 AM IST
പാരീസ്: റഫാൽ യുദ്ധവിമാനത്തിന്റെ എൻജിൻ നിർമിച്ചുനല്കുന്ന ഫ്രഞ്ച് കന്പനി സാഫ്രാൻ ഇന്ത്യയിൽ 15 കോടി ഡോളറിന്റെ നിക്ഷേപത്തിനു പദ്ധതിയിടുന്നു. ഫ്രാൻസ് സന്ദർശിക്കുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കന്പനിയുടെ വില്ലാറോഷിലുള്ള പ്ലാന്റ് സന്ദർശിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്ത്യയിലെ നികുതിഘടന ഭയാനകമാണെന്ന് കന്പനി മുന്നറിയിപ്പു നല്കി.
കസ്റ്റംസ്, നികുതി ചട്ടങ്ങളിലുടെ ഭീതിവിതയ്ക്കുന്നത് അവസാനിപ്പിച്ച് ആകർഷകമായ ബിസിനസ് സാഹചര്യം ഒരുക്കാൻ ഇന്ത്യ തയാറാകണമെന്ന് കന്പനിയുടെ സിഇഒ ഒലിവർ ആൻഡ്രിസ് ആവശ്യപ്പെട്ടു. റഫാൽ വിമാനത്തിൽ ഉപയോഗിക്കുന്ന എം88 എൻജിൻ നിർമിക്കുന്ന ഈ കന്പനി ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്കൽ ലിമിറ്റഡുമായി മുന്പും സഹകരിച്ചിട്ടുണ്ട്.
വ്യോമഗതാഗതത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിക്കുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണിക്കും പരിശീലനത്തിനുമായി മുതൽമുടക്കാനാണ് സാഫ്രാൻ താത്പര്യപ്പെടുന്നത്. വാണിജ്യ വ്യോമഗതാഗതത്തിൽ ഇന്ത്യ വൈകാതെ മൂന്നാം സ്ഥാനത്തെത്തും. അറ്റകുറ്റപ്പണിക്കുള്ള സംവിധാനം ഒരുക്കാൻ കന്പനി താത്പര്യപ്പെടുന്നു. പക്ഷേ, നികുതിയിൽ ഇളവ് വേണമെന്ന് ആൻഡ്രിസ് പറഞ്ഞു.
നിക്ഷേപകർക്കു വേണ്ട സാഹചര്യം ഒരുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഫെബ്രുവരിയിൽ ലക്നോവിൽ നടക്കുന്ന ഡിഫൻസ്എക്സ്പോയിൽ പങ്കെടുക്കാനുള്ള രാജ്നാഥ് സിംഗിന്റെ ക്ഷണം കന്പനി സ്വീകരിച്ചു.