ഇന്തോനേഷ്യൻ മന്ത്രിക്ക് ഭീകരരുടെ കുത്തേറ്റു
Friday, October 11, 2019 12:24 AM IST
ജക്കാർത്ത: ഇന്തോനേഷ്യൻ സുരക്ഷാ മന്ത്രിയും മുൻസൈനിക മേധാവിയുമായ വിരാന്റോയെ ഐഎസ് ബന്ധമുള്ള ഭീകരർ കുത്തിപ്പരിക്കേല്പിച്ചു. ജാവാ ദ്വീപിലെ പാൻഡെഗ്ലാൻഗ് പട്ടണത്തിൽ ഇന്നലെയാണു സംഭവം. മന്ത്രി കാറിൽ നിന്നിറങ്ങുന്പോൾ ചുറ്റും കൂടിയ ജനങ്ങൾക്കിടയിലൂടെ നുഴഞ്ഞുകയറി അദ്ദേഹത്തിന്റെ അടുത്തെത്തിയാണ് അക്രമികൾ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഹെലികോപ്റ്ററിൽ ജക്കാർത്തയിലെ ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
അക്രമം നടത്തിയ സ്യാഹിറിൽ അലംസ്യാ(31), ഭാര്യ ഫിത്രി അൻഡ്രിയാന(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും എെഎസ് ബന്ധമുള്ള ജെഎഡി സംഘത്തിലെ അംഗങ്ങളാണ്. കഴിഞ്ഞവർഷം ഇന്തോനേഷ്യയിലെ സുരബയാ നഗരത്തിൽ ദേവാലയങ്ങൾക്കു നേരേ ആക്രമണം നടത്തിയ ഈ സംഘടനയിലെ അംഗങ്ങളാണ്.
മന്ത്രി വിരാന്റോ വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അഭ്യർഥിച്ചു. ഭീകരത തുടച്ചുനീക്കാൻ എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വിരാന്റോയ്ക്ക് പുറമേ ഒരു പോലീസ് ഓഫീസർക്കും രണ്ടു സഹായികൾക്കും അക്രമികളുടെ കുത്തേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല. വിരാന്റോയ്ക്ക് എതിരേ ഇതിനു മുന്പും വധശ്രമം ഉണ്ടായിട്ടുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ച വിരാന്റോയെ 2016ലാണു സുരക്ഷാവകുപ്പു മന്ത്രിയായി നിയമിച്ചത്. സുരക്ഷാ വകുപ്പിനു പുറമേ വിദേശകാര്യ, പ്രതിരോധ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്.