ഹോങ്കോംഗ്: ചിൻപിംഗുമായി കാരിലാം കൂടിക്കാഴ്ച നടത്തി
Wednesday, November 6, 2019 12:00 AM IST
ഷാങ്ഹായ്: ഹോങ്കോംഗിലെ ജനാധിപത്യ സമരം നേരിടുന്നതിൽ ചീഫ് എക്സിക്യൂട്ടീവ് കാരിലാം എടുക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉറപ്പു നൽകി. ഷാങ്ഹായിൽ ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കാരി ലാം അറിയിച്ചതാണ് ഇക്കാര്യം.
ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരം ബിൽ പിൻവലിച്ചിട്ടും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ചു തുടരുകയാണ്.
അഞ്ചുമാസം പിന്നിട്ട സമരം ഹോങ്കോംഗിന്റെ സന്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. അടുത്തയിടെ സമരം അക്രമാസക്തമായി. പ്രകടനക്കാർ ചൈനീസ് സ്ഥാപനങ്ങളുടെ നേരേ ആക്രമണം അഴിച്ചുവിട്ടു.
ചൈനീസ് വാർത്താ ഏജൻസി സിൻഹുവായുടെ ഓഫീസിനു നേർക്കും ആക്രമണമുണ്ടായി. ജൂണിനുശേഷം ഇതുവരെ മൂവായിരത്തിലധികം പേർ അറസ്റ്റിലായി.
ഇതേസമയം കാരിലാമിന് ചിൻപിംഗ് പിന്തുണ പ്രഖ്യാപിച്ചത് തത്കാലത്തേക്കാണെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറഞ്ഞു. ഒരു വർഷത്തിനകം കാരി ലാം പുറത്താകാൻ സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.