പതിനെട്ടാം വയസിൽ ഐലീഷ് നേടിയത് അഞ്ചു ഗ്രാമി
Tuesday, January 28, 2020 12:15 AM IST
ലോസ് ആഞ്ചലസ്: അറുപത്തിരണ്ടാമത് ഗ്രാമി പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിച്ചു.പതിനെട്ടുവയസുകാരി ബില്ലി ഐലീഷ് അഞ്ചു പുരസ്കാരങ്ങൾ നേടി ചരിത്രം കുറിച്ചു. മികച്ച ഗാനം, മികച്ച പോപ് വോക്കൽ ആൽബം, ആൽബം ഓഫ് ദ ഈയർ,റെക്കോർഡ് ഓഫ് ദി ഈയർ, ബസ്റ്റ് ന്യൂ ആർട്ടിസ്റ്റ് എന്നീ ഇനങ്ങളിലാണ് ഐലീഷ് പുരസ്കാരം നേടിയത്. ആറു നോമിനേഷനുകളിൽ അഞ്ചെണ്ണത്തിലും ഐലീഷ് ജേത്രിയായി. സഹോദരനും ഗ്രാമി പുരസ്കാര ജേതാവുമായ ഫിനിയാസ് ഒക്കോണലുമായി(22) ചേർന്നാണ് ഐലീഷ് പല ഗാനങ്ങളും രചിച്ചത്.
ഗ്രാമി അവാർഡ് ദാനച്ചടങ്ങിൽ എെലീഷും സഹോദരനും ചേർന്ന് വെൻ ദ പാർട്ടി ഈസ് ഓവർ എന്ന ഗാനത്തിന്റെ സംഗീതാവിഷ്കാരം നടത്തി. ഫിനിയാസാണു പിയാനോ വായിച്ചത്.
യുഎസ് മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്ക് ബസ്റ്റ് സ്പോക്കൺ വേഡ് ആൽബം ഇനത്തിൽ ഗ്രാമി പുരസ്കാരം ലഭിച്ചു. ബികമിംഗ് എന്ന അവരുടെ ഓർമക്കുറിപ്പിന്റെ ഓഡിയോ ബുക്കിനാണ് പുരസ്കാരം. ഇതോടെ ഒബാമ കുടുംബത്തിന് മൂന്നു ഗ്രാമിയായി. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് നേരത്തേ രണ്ടു ഗ്രാമി ലഭിച്ചിരുന്നു.