കാഷ്മീർ നിലപാടിനെ വിമർശിക്കുന്ന ബ്രിട്ടീഷ് എംപിയെ തിരിച്ചയച്ചു
Tuesday, February 18, 2020 12:25 AM IST
ന്യൂഡൽഹി/ലണ്ടൻ: കാഷ്മീരിനെ സംബന്ധിച്ച് ഇന്ത്യയുടെ സമീപകാല നയങ്ങളെ ശക്തമായി വിമർശിക്കുന്ന ബ്രിട്ടീഷ് പാർലമെന്റംഗത്തെ ഡൽഹി വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. ലേബർ പാർട്ടി എംപിയും കാഷ്മീർ വിഷയത്തിലുള്ള ബ്രിട്ടീഷ് പാർലമെന്ററി സംഘത്തിന്റെ ചെയറുമായ ഡെബ്ബി ഏബ്രഹാമിനെയാണു ദുബായിലേക്കു തിരിച്ചയച്ചത്.
ദുബായ് വിമാനത്താവളത്തിൽനിന്നാണ് ഇവർ ഡൽഹിക്കു വിമാനം കയറിയത്.സാധുവായ ഇ-വീസ ഉപയോഗിച്ചാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇന്ത്യയിലെത്തിയതെന്നും വിശദീകരണം പോലും നൽകാതെ വീസ റദ്ദാക്കുകയുമായിരുന്നുവെന്നും അവർ പരാതിപ്പെടുന്നു.
വീസ റദ്ദാക്കിയ വിവരം കൃത്യമായി അവരെ അറിയിച്ചിരുന്നുവെന്നും എന്നിട്ടും ർ ഇന്ത്യയിലെത്തുകയായിരുന്നുവെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ന്യായീകരണം. അതേസമയം, കഴിഞ്ഞ വ്യാഴാഴ്ച വരെ ഇതുസംബന്ധിച്ച ഒരൊറ്റ ഇ-മെയിൽ സന്ദേശം പോലും ലഭിച്ചിരുന്നില്ലന്ന് എംപി മറുപടി പറഞ്ഞു.