ജർമനിയിൽ ലോക്ക് ഡൗണിൽപെട്ട മലയാളികൾ തിരിച്ചെത്തി
Sunday, June 7, 2020 12:00 AM IST
ബർലിൻ: ലോക്ക് ഡൗണിൽ ജർമനിയിൽപെട്ടുപോയ 22 മലയാളികൾ വന്ദേഭാരത് മിഷന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കു പറന്നു.
ബർലിനിലെ ഇന്ത്യൻ എംബസി മുഖേനയാണ് യാത്ര ക്രമീകരിച്ചത്. ഡൽഹിയിൽ ചെന്നിറങ്ങിയവർ നിയമപ്രകാരം ഏഴു ദിവസത്തേയ്ക്ക് അവിടെത്തന്നെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഡൽഹിയിൽ എത്തിയ മലയാളികളുടെ വിഷയം കൈകാര്യം ചെയ്യാൻ ഐഎഫ്എസ് കേഡറിലുള്ള ഓഫീസർ ആശയെ ചുമതലപ്പെടുത്തിയിരുന്നു. നൂറോളം മലയാളികളിൽ ഇനിയും ബാക്കിയുള്ളവർ ഈ മാസം 20ന് മറ്റൊരു ഫ്ളൈറ്റ്കൂടി തരപ്പെടുത്തി നാട്ടിലേക്കു പോകാനാണ് ശ്രമിക്കുന്നത്.
തിരികെപ്പോയവരിൽ 70നു മേൽ പ്രായമുള്ള അമ്മമാരും വീസാ തീർന്നവരും വിദ്യാർഥികളും ജോലി നഷ്ടപ്പെട്ടവരും തൊഴിലന്വേഷക വീസക്കാരുമൊക്കെയുണ്ട്. ബർലിൻ, ഹാംബുർഗ്, കൊളോണ്‍, മ്യൂണിക്, സ്റ്റുട്ട്ഗാർട്ട്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവർ പെട്ടുപോയിരുന്നത്. കേന്ദ്ര സർക്കാരിലും നോർക്കയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ മാസം 28നും 29നും ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യയുടെ രണ്ടു ഫ്ളൈറ്റുകൾ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലേക്കു സർവീസ് നടത്തിയിരുന്നു. ഫ്രാങ്ക്ഫർട്ട് കേരള സമാജമാണ് യാത്രാ സൗകര്യമൊരുക്കാൻ മുൻകൈയെടുത്തത്.