സംസ്ഥാനപദവിക്ക് ഒരു ചുവടുകൂടി അടുത്ത് വാഷിംഗ്ടൺ ഡിസി
Sunday, June 28, 2020 12:20 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി(ഡിസ്ട്രിക്ട് ഓഫ് കൊളംബിയ)യ്ക്ക് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെടുന്ന ബിൽ ജനപ്രതിനിധിസഭയിൽ പാസായി. പ്രതിപക്ഷ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 180നെതിരേ 232 വോട്ടുകൾക്കാണു ബിൽ പാസായത്. വാഷിംഗ്ടൺ ഡിസിയെ 51-ാം സംസ്ഥാനമാക്കണമെന്ന ആവശ്യത്തിനു നാലു പതിറ്റാണ്ടു പഴക്കമുണ്ട്.
അതേസമയം, ഭരണകക്ഷിയായ റിപ്പബ്ലിക്കൻമാർക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ബിൽ പരിഗണനയ്ക്ക് എടുത്തേക്കില്ല. പ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കന്മാരും സംസ്ഥാനപദവിയെ എതിർക്കുന്നു. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമാണ് വാഷിംഗ്ടൺ ഡിസി. ഇതുവരെ ഡെമോക്രാറ്റിക് മേയർമാരെ വിജയിച്ചിട്ടുള്ളൂ. സംസ്ഥാനമായാൽ ഇവിടെനിന്ന് സെനറ്റർമാർ ഉണ്ടാകും. ഇത് റിപ്പബ്ലിക്കന്മാർക്കു സെനറ്റിലുള്ള ഭൂരിപക്ഷത്തിനു വെല്ലുവിളി ഉയർത്തും.
ഏഴു ലക്ഷത്തിലധികം വരുന്ന വാഷിംഗ്ടണിലെ ജനസംഖ്യ ചില സംസ്ഥാനങ്ങളിലേക്കാൾ കൂടുതലാണ്. കറുത്തവരും വെള്ളക്കാരും എണ്ണത്തിൽ ഏതാണ്ടു തുല്യമാണ്. സംസ്ഥാനമായാൽ വാഷിംഗ്ടൺ ഡഗ്ലസ് കോമൺവെൽത്ത് എന്നായിരിക്കും പേരിടുക. ആദ്യ പ്രസിഡന്റ് ജോർജ് വാഷിംഗ്ടന്റെയും അടിമത്ത വിരുദ്ധ പോരാട്ടം നടത്തിയ കറുത്തവംശജൻ ഫ്രെഡറിക്ക് ഡഗ്ലസിന്റെയും ഓർമയ്ക്കായിട്ടാണിത്.