സുരക്ഷാ സംവിധാനങ്ങളില്ല, പാക്കിസ്ഥാനിൽ 48 ഡോക്ടർമാർ രാജിവച്ചു
Monday, July 6, 2020 12:24 AM IST
ലാഹോർ: കൊറോണവൈറസിനെ നേരിടുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളില്ലാത്തതിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആശുപത്രിയിൽനിന്ന് 48 ഡോക്ടർമാർ രാജിവച്ചു. സർക്കാർ മെഡിക്കൽ കോളജുകളിൽനിന്ന് 48 യുവ ഡോക്ടർമാർ രാജിവച്ചതായി പഞ്ചാബ് ആരോഗ്യവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കു സർക്കാർ ഏറ്റവും കുറഞ്ഞ പരിഗണനയാണ് നൽകുന്നതെന്നും ഡോക്ടർമാർ ആരോപിച്ചു.
സുരക്ഷാ കിറ്റുകൾ നൽകണമെന്നാവശ്യപ്പെട്ട് പാക് അധിനിവേശ കാഷ്മീരിലെ മുസാഫറാബാദിൽ പ്രകടനം നടത്തിയ ഡോക്ടർമാർക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. 23 ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് യംഗ് ഡോക്ടർ അസോസിയേഷന്റെ നേതൃത്തിൽ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ പണിമുടക്ക് നടത്തി.
ആരോഗ്യപ്രവർത്തകർക്കു സുരക്ഷാ സംവിധാനം ഒരുക്കിയില്ലെങ്കിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് മുതിർന്ന ഡോക്ടർമാർ അറിയിച്ചു. കോവിഡ് ബാധിച്ച് 70 ആരോഗ്യപ്രവർത്തകർ പാക്കിസ്ഥാനിൽ മരിച്ചു. അയ്യായിരത്തോളം പേർ രോഗബാധിതരാണ്. കോവിഡ്-19 ബാധിച്ച് പാക്കിസ്ഥാനിൽ 4,700 ലധികം പേർ മരിച്ചു.