എൽഡിപി നേതൃത്വത്തിൽ യോഷിഹിതെ പ്രധാനമന്ത്രിപദം ഉറപ്പിച്ചു
Monday, September 14, 2020 11:02 PM IST
ടോക്കിയോ: ജാപ്പനീസ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായി യോഷിഹിതെ സുഗെയെ തെരഞ്ഞെടുത്തു. രാജിവച്ച പ്രധാനമന്ത്രി ഷിൻസോ ആബേയുടെ വലംകൈ എന്നറിയപ്പെടുന്ന സുഗെ മുഖ്യകാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. 534 ൽ 377 വോട്ടുകൾ നേടിയാണു പാർട്ടിയുടെ നേതൃസ്ഥാനത്ത് യോഷിഹിതെ എത്തിയത്. മറ്റ് രണ്ട് മത്സരാർഥികൾക്കു മൊത്തം 157 വോട്ട് ലഭിച്ചു. മുൻ വിദേശകാര്യമന്ത്രി ഫുമിയോ കിഷതയ്ക്ക് 89 വോട്ട് ലഭിച്ചു. മുൻ പ്രതിരോധമന്ത്രി ഷിഗേരു ഇഷിബ നേടിയത് 68 വോട്ടുകളും.
ബുധനാഴ്ച നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എഴുപത്തിയൊന്നുകാരനായ സുഗെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പാക്കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.
ഭരണസഖ്യത്തിൽ ലിബറൽ ഡെമോക്രാറ്റുകൾക്കു വൻ ഭൂരിപക്ഷമുള്ളതു കാര്യങ്ങൾ എളുപ്പമാക്കും. എട്ടുവർഷം പ്രധാനമന്ത്രിക്കസേരയിലുണ്ടായിരുന്ന ആബേയുടെ പൂർണപിന്തുണയും സുഗെയ്ക്കാണ്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു പ്രധാനമന്ത്രി ആബേ കാലാവധി കഴിയുംമുന്പേ രാജിവച്ചതോടെയാണു രാജ്യം പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
കോവിഡ് വ്യാപനത്തിനിടെയും ജനക്ഷേമ പരിപാടികൾ തുടർന്ന ആബേയുടെ നയങ്ങൾ പിന്തുടരുമെന്ന് സുഗെ വ്യക്തമാക്കി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും മഹാമാരിയെത്തുടർന്നു പ്രതിസന്ധിയിലായ സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണു മുന്തിയ പരിഗണന. ബ്യൂറോക്രസിയുടെ ചുവപ്പുനാടകൾ മറികടന്ന് പദ്ധതികൾ നടപ്പാക്കുകയെന്നതാണു തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
വിദേശടൂറിസ്റ്റുകളെ രാജ്യത്തേക്കു കൂട്ടത്തോടെ ആകർഷിക്കുന്ന നയം, മൊബൈൽഫോൺ നിരക്ക് താഴ്ത്തിക്കൊണ്ടുവന്നത്, കാർഷികോത്പന്നങ്ങളുടെ കയറ്റുമതി തുടങ്ങി ഒട്ടേറെ നേട്ടങ്ങൾക്കുപിന്നിൽ സുഗെയുടെ കൈയൊപ്പുണ്ട്. അതേസമയം, സ്വന്തം രാജ്യത്തെ ശക്തനാണെങ്കിലും വിദേശകാര്യനയങ്ങളിൽ സുഗെയുടെ നിലപാടുകളെക്കുറിച്ച് വ്യക്തതയില്ല. വിദേശയാത്രപോലും വിരളമായേ അദ്ദേഹം നടത്തിയിട്ടുള്ളൂ.
കോവിഡ്, സാന്പത്തിക പ്രതിസന്ധി എന്നിവയ്ക്കുപുറമേ തെക്കൻചൈന കടലിടുക്കിന്മേലുള്ള ചൈനയുടെ അവകാശവാദം, കോവിഡിനെത്തുടർന്നു നീട്ടിവച്ച ടോക്കിയോ ഒളിന്പിക്സിന്റെ നടത്തിപ്പ് തുടങ്ങിയവ സുഗെയ്ക്കു വെല്ലുവിളിയായേക്കും.