ഇസ്ലാമിക തീവ്രവാദി ഫ്രഞ്ച് അധ്യാപകന്റെ കഴുത്തറത്തു
Sunday, October 18, 2020 12:30 AM IST
പാരീസ്: അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിനിടെ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ കാണിച്ച അധ്യാപകനെ ഇസ്ലാമിക തീവ്രവാദി തെരുവിൽ കഴുത്തറത്തു കൊന്നു. നാല്പത്തേഴുകാരനായ സാമുവൽ പാറ്റി ആണ് വെള്ളിയാഴ്ച വൈകിട്ട് പാരീസിനടുത്തുള്ള കോൺഫ്ലാസ് സെയിന്റ് ഹൊണോറിൻ പട്ടണത്തിൽ കൊല്ലപ്പെട്ടത്. പതിനെട്ടു വയസുള്ള ചെച്ചൻ വംശജനായ കുടിയേറ്റക്കാരൻ അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. അക്രമിയുടെ രക്ഷിതാക്കളും സഹോദരങ്ങളുമടക്കം ഒന്പതു പേർ അറസ്റ്റിലായി.
ഇസ്ലാമിക തീവ്രവാദത്തിന്റെ എല്ലാ മുഖമുദ്രയും പേറുന്ന ആക്രമണമാണിതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചു. ഫ്രാൻസിലെ മുസ്ലിം നേതാക്കളും ആക്രമണത്തെ അപലപിച്ചു.
പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ഷാർളി ഹെബ്ദോ വാരികയുടെ ഓഫീസിൽ 2015ലുണ്ടായ ഭീകരാക്രമണത്തിൽ12 പേർ കൊല്ലപ്പെട്ട കേസിലെ വിചാരണ പാരീസിലെ കോടതിയിൽ ആരംഭിച്ചതിനു പിന്നാലെയാണ് ഈ സംഭവം. ചരിത്രവും ഭൂമിശാസ്ത്രവും പഠിപ്പിച്ചിരുന്ന അധ്യാപകൻ ഈ മാസം ആദ്യം അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് എടുത്ത ക്ലാസാണ് ആക്രമണത്തിനു പ്രേരണയായതെന്നു വിലയിരുത്തപ്പെടുന്നു. ക്ലാസിൽ ഷാർളി ഹെബ്ദോ കേസ് വിശദീകരിച്ച അധ്യാപകൻ പ്രവാചകന്റെ കാർട്ടൂണുകൾ കാണിച്ചു. ഇതിൽ രക്ഷിതാക്കൾ പിന്നീട് പരാതി ഉന്നയിച്ചിരുന്നു. അധ്യാപകൻ ഭീഷണി നേരിട്ടിരുന്നതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് സ്കൂളിനു സമീപമുള്ള തെരുവിൽവച്ച് അക്രമി വലിയ കത്തിയുപയോഗിച്ച് അധ്യാപകന്റെ തല അറത്തുമാറ്റുകയായിരുന്നു. രക്ഷപ്പെട്ടോടിയ അക്രമി സമീപത്തെ പട്ടണത്തിൽവച്ചു പോലീസിനു മുന്നിൽപ്പെട്ടു. എയർഗൺ പ്രയോഗിച്ച അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. ഇതിനിടെ, കൊല്ലപ്പെട്ട അധ്യാപകന്റെ ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മോസ്കോയിൽ ജനിച്ച അക്രമി, ബാലനായിരിക്കേ അഭയാർഥിയായി ഫ്രാൻസിൽ കുടിയേറിയതാണ്.
പ്രസിഡന്റ് മക്രോൺ സംഭവസ്ഥലം സന്ദർശിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു പഠിപ്പിച്ചതിന്റെ പേരിലാണ് അധ്യാപകൻ ആക്രമണം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നത വളർത്തുന്ന തീവ്രവാദികളെ വിജയിക്കാൻ അനുവദിക്കരുത്. രാജ്യം നിലകൊള്ളുന്ന മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണിതെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം എല്ലാ ഫ്രഞ്ച് പൗരന്മാരെയും അവരുടെ സ്വാതന്ത്ര്യത്തെയുമാണ് കൊലപാതകി ആക്രമിച്ചിരിക്കുന്നതെന്നു പറഞ്ഞു.
കൊലപാതകത്തെ അപലപിച്ച ജർമൻ വിദേശകാര്യമന്ത്രി ഹൈക്കോ മാസ്, ഭീകരതയും തീവ്രവാദവും അക്രമവും കൊണ്ട് ആരെയും ഭയപ്പെടുത്താനാവില്ലെന്നു പ്രസ്താവിച്ചു.
ഫ്രാൻസിലും യൂറോപ്പിലാകമാനവും ഈ കൊലപാതകം തീവ്രമായ വികാരപ്രകടനങ്ങൾക്കാണു വഴിതെളിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇസ്ലാമിക തീവ്രവാദികൾ ഫ്രാൻസിൽ മാത്രം 250ലേറെപ്പേരെ കൊന്നിട്ടുണ്ടെന്നാണു കണക്ക്. നിരപരാധിയെ കൊല്ലുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും കാടത്തമാണെന്നും ഫ്രഞ്ച് നഗരമായ ബോർഡോയിലെ മോസ്കിന്റെ ഇമാം താരീഖ് ഔബ്രോ പ്രതികരിച്ചു.