ഹാഫീസ് സയീദിനു വീണ്ടും തടവുശിക്ഷ
Thursday, November 19, 2020 11:36 PM IST
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിനു പാക് കോടതി മറ്റു രണ്ടു തീവ്രവാദ കേസുകളിൽ പത്തു വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇയാളുടെ അനുയായികളായ സഫർ ഇഖ്ബാൽ, യഹ്യ മുജാഹിദ് എന്നിവർക്കും ഇതേ ശിക്ഷ ലഭിച്ചു. സയീദിന്റെ ബന്ധുവായ അബ്ദുൾ റഹ്മാൻ മാക്കി ആറു മാസം തടവ് അനുഭവിക്കാനും ലാഹോറിലെ ഭീകരവിരുദ്ധ കോടതി ഉത്തരവിട്ടു. തീവ്രവാദപ്രവർത്തനത്തിനു പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ലഷ്കർ ഇ തൊയ്ബയുടെ അപര സംഘടനയായി പ്രവർത്തിക്കുന്ന ജമാ അത്ത് ഉദ്ദവയുടെ നേതാവായ സയീദ് ഫെബ്രുവരിയിൽ മറ്റൊരു തീവ്രവാദ കേസിൽ 11 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
166 പേർ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇയാളെ വിട്ടു കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്രതലത്തിലെ സമ്മർദത്തെത്തുടർന്ന് കഴിഞ്ഞവർഷം ജൂലൈയിലാണ് ഇയാളെ അറസ്റ്റ് ചെയ്യാൻ പാക്കിസ്ഥാൻ തയാറായത്. ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് സയീദിനെ പാർപ്പിച്ചിരിക്കുന്നത്.
ജമാഅത്ത് ഉദ്ദവ നേതാക്കൾക്കെതിരെ പാക് ഭീകരവിരുദ്ധ വകുപ്പ് 41 കേസുകൾ എടുത്തിട്ടുണ്ട്. ഇതിൽ 24 എണ്ണത്തിലേ വിധി വന്നിട്ടുള്ളൂ. സയീദിനെതിരായ നാലു കേസുകൾ തീർപ്പായി.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി മുദ്രകുത്തിയിട്ടുള്ള സയീദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.