ഇന്തോനേഷ്യൻ വിമാനം കടലിൽ വീണു
Sunday, January 10, 2021 12:03 AM IST
ജക്കാർത്ത: ജക്കാർത്ത വിമാനത്താവളത്തിൽനിന്ന് പശ്ചിമ കലിമന്താൻ പ്രവിശ്യയുടെ തലസ്ഥാനമായ പൊന്തിയാനക്കിലേക്ക് 62 പേരുമായി പറന്നുയർന്ന ശ്രീവിജയ എയറിന്റെ ബോയിംഗ് 737 വിമാനം കടലിൽ തകർന്നുവീണു.
ബോർണിയോ ദ്വീപിനു സമീപം ലോഹപാളികൾ കടലിൽ കണ്ടതായി മത്സ്യത്തൊഴിലാളികൾ തീര സേനയെ അറിയച്ചതിനെത്തുടർന്ന് ഇവിടെ സേന തെരച്ചിൽ നടത്തി. പറന്നുയർന്ന് നാലു മിനിറ്റിനുശേഷം പതിനായിരം അടി ഉയരത്തിൽ നിന്ന് വിമാനം കാണാതാവുകയായിരുന്നു.

56 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. 2018 ഒക്ടോബറിൽ ജക്കാർത്ത വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ലയൺ എയർ 737 ബോയിംഗ് വിമാനം മിനിറ്റുകൾക്കുള്ളിൽ കടലിൽ തകർന്നുവീണ് 189 പേർ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട വിമാനത്തിന് ഓട്ടോമേറ്റഡ് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം(ഒഎഫ്കെ) ഉണ്ടായിരുന്നില്ലെന്നാണു കണ്ടെത്തൽ. അവശ്യഘട്ടങ്ങളിൽ വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.