ചൈനയ്ക്കു തടയിടണം: പങ്കാളികളോട് ബൈഡൻ
Sunday, February 21, 2021 12:07 AM IST
ന്യൂഡൽഹി: ചൈനയുമായി തന്ത്രപരമായ ദീർഘകാല മത്സരത്തിനു തയാറാകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യൂറോപ്പിലെയും ഏഷ്യയിലെയും പങ്കാളികളോട് ആവശ്യപ്പെട്ടു. വെർച്വൽ മ്യൂണിച്ച് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള മത്സരം കടുക്കുമെന്നാണു താൻ പ്രതീക്ഷിക്കുന്നത്. ആഗോള സംവിധാനത്തിൽ വിശ്വസിക്കുന്നതിനാൽ താൻ അതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 70 വർഷമായി യൂറോപ്പും അമേരിക്കയും ഇന്തോ-പസഫിക് പങ്കാളികൾക്കൊപ്പം ചേർന്നു വികസനത്തിനായി കഠിനപരിശ്രമം നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞു. ചൈനീസ് സർക്കാരിന്റെ സാന്പത്തിക ദുർവ്യയങ്ങളെയും അന്താരാഷ്ട്ര സാന്പത്തിക സംവിധാനത്തിന്റെ അടിത്തറ തകർക്കുന്ന ഇടപെടലുകളെയും തടയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.