വത്തിക്കാനിലെ കുരിശിന്റെ വഴിയിൽ നിഴലിച്ചത് കുട്ടികളിലുള്ള പ്രതീക്ഷ
Sunday, April 4, 2021 12:37 AM IST
വത്തിക്കാൻ സിറ്റി: ദുഃഖവെള്ളി ദിനം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന കുരിശിന്റെ വഴിക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നല്കി. മാർപാപ്പയുടെ നിർദേശപ്രകാരം, കുരിശിന്റെ വഴിയിലെ ധ്യാനാത്മക ചിന്തകൾ തയറാക്കി നല്കിയതും അവതരിപ്പിച്ചതും കുട്ടികളായിരുന്നു.
പരന്പരാഗതമായി റോമിലെ കോളോസിയത്തിനു സമീപം നടക്കുന്ന കുരിശിന്റെ വഴി, കോവിഡിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും വത്തിക്കാനിലാക്കുകയായിരുന്നു. കുട്ടികളും മാതാപിതാക്കളും വേദപാഠ അധ്യാപകരും അടക്കം വളരെക്കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്.
കോവിഡ് അടക്കം ഒട്ടനവധി ദുരിതങ്ങൾ പേറുന്ന ലോകത്തിന്റെ ഭാവിക്കു പ്രതീക്ഷ പകരുന്നത് കുട്ടികളാണെന്നു വ്യക്തമാക്കുന്നതായിരുന്നു ധ്യാനാത്മക ചിന്തകളെന്നു വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏതാണ്ടു പൂർണമായും ശൂന്യമായ ചത്വരത്തിൽ നടന്ന കുരിശിന്റെ വഴിക്കിടെ ഫ്രാൻസിസ് മാർപാപ്പ പ്രത്യേക സന്ദേശമൊന്നും നല്കിയില്ല. ഇറ്റാലിയൻ കാത്തലിക് ഗിൽഡ്സ് ആൻഡ് സ്കൗട്ട്സ് അസോസിയേഷനിലെയും റോമിലെ യുഗാണ്ടയിലെ വിശുദ്ധ രക്തസാക്ഷികൾക്കായുള്ള പള്ളിയിടവകയിലെയും മൂന്നിനും 19നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കുരിശിന്റെ വഴിക്കുള്ള ചിന്തകൾ തയാറാക്കിയത്.
ദുഃഖവെള്ളിയിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയർപ്പിച്ച ദിവ്യബലിയിലും പരിമിതമായ ആൾസാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ. മാർപാപ്പ ഇന്ന് ഈസ്റ്റർദിവ്യബലി അർപ്പിച്ചശേഷം ഉച്ചയ്ക്ക് ഉർബി എത്ത് ഒർബി(നഗരത്തിനും ലോകത്തിനുമുള്ള) സന്ദേശം നല്കും.