വന്യജീവികളുടെ മാംസവില്പന നിർത്തണമെന്ന് ലോകാരോഗ്യസംഘടന
Wednesday, April 14, 2021 12:33 AM IST
ജനീവ: കോവിഡ് പോലുള്ള രോഗങ്ങൾ വന്യജീവികളിൽനിന്നു മനുഷ്യരിലേക്കു പകരുന്നതിനാൽ വന്യജീവികളുടെ മാംസവില്പന ലോകത്താകമാനം നിർത്തലാക്കണമെന്നു ലോകാരോഗ്യസംഘടന പറഞ്ഞു. മനുഷ്യനു ബാധിക്കുന്ന പുതിയ അസുഖങ്ങളിൽ 70 ശതമാനവും വന്യജീവികളിൽനിന്നാണെന്നും ഇതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും സംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
ചൈനയിലെ മാംസമാർക്കറ്റിൽനിന്ന് ഒരു വർഷം മുന്പാണ് കോവിഡ് രോഗത്തിനു കാരണമായ കൊറോണ വൈറസ് മനുഷ്യരിൽ പ്രവേശിച്ചത്. ചൈനയിലെ വുഹാനിലെ മാംസമാർക്കറ്റാണു രോഗത്തിന്റെ പ്രഭവകേന്ദ്രം. വവ്വാലുകളിൽ സാർസ് കോവ് 2 (കൊറോണ) വൈറസുകളെ നേരത്തേ കണ്ടെത്തിയിരുന്നു.
വന്യജീവികളുടെ സ്രവങ്ങളിൽനിന്നു മനുഷ്യനു രോഗം പടരാനുള്ള സാധ്യത വളരെക്കൂടുതാണ്. ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ ഭക്ഷ്യവസ്തുക്കൾക്കായി മനുഷ്യൻ പരന്പരാഗത ചന്തകളെയാണ് ആശ്രയിക്കുന്നത്. ആളുകൾ കൂടുതലെത്തുന്ന ഇത്തരം ചന്തകളിൽ മൃഗവില്പന ഇല്ലാതാക്കിയാൽ മനുഷ്യ ജീവൻ രക്ഷിക്കാനാകുമെന്ന് ഡബ്ല്യുഎച്ച് ഒ വ്യക്തമാക്കി.