ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്കു തട്ടിപ്പുകേസിൽ തടവുശിക്ഷ
Tuesday, June 8, 2021 11:51 PM IST
ഡർബൻ: മഹാത്മാഗാന്ധിയുടെ പേരക്കുട്ടിയുടെ മകൾക്കു ദക്ഷിണാഫ്രിക്കയിൽ തട്ടിപ്പുകേസിൽ തടവുശിക്ഷ. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ ഇള ഗാന്ധിയുടെ മകൾ അന്പത്താറുകാരിയായ ആശിഷ് ലത രാംഗോബിനെയാണു ഡർബൻ കോടതി ഏഴു വർഷത്തെ തടവിനു ശിക്ഷിച്ചത്. ഇവർ കുറ്റക്കാരിയാണെന്നു വ്യാവസായിക കുറ്റങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽനിന്നുള്ള ചരക്ക് എത്തിക്കുന്നതിനായി ഇറക്കുമതി, കസ്റ്റംസ് തീരുവ എന്ന പേരിൽ വ്യവസായിയായ എസ്.ആർ. മഹാരാജിൽനിന്ന് 60 ലക്ഷം റാൻഡ് (ഏകദേശം മൂന്നേകാൽ കോടി രൂപ) തട്ടിച്ചു എന്നതാണു ലതയ്ക്കെതിരായ കേസ്. ലാഭത്തിന്റെ ഒരു പങ്ക് നൽകാമെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജരേഖ ചമച്ചു.
2015ലാണ് ഇവർക്കെതിരായ വിചാരണ ആരംഭിച്ചന്നത്. അന്ന് 50,000 റാണ്ടിന്റെ ജാമ്യത്തിൽ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. ന്യൂ ആഫ്രിക്ക അലയൻസ് ഫുട്വെയർ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ഡയറക്ടറാണു മഹാരാജ്. ലാഭവിഹിതം വാങ്ങി മറ്റു കന്പനികൾക്ക് സാന്പത്തിക സഹായവും മഹാരാജ് നൽകാറുണ്ട്.
ദക്ഷിണാഫ്രിക്കൻ ആശുപത്രി ശൃംഖലയായ നെറ്റ്കെയറിനായി മൂന്നു കണ്ടെയ്നർ ലിനൻ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തീരുവ അടയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 62 ലക്ഷം റാൻഡ് ആവശ്യമുണ്ടെന്നും ഇവർ മഹാരാജിനെ വിശ്വസിപ്പിച്ചു.