പാക്കിസ്ഥാനിൽ ബസ് അപകടത്തിൽ 31 മരണം
Monday, July 19, 2021 11:22 PM IST
ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 30 പേർ മരിച്ചു. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ ദേരാഘാസി ഖാൻ ജില്ലയിലെ ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ചവരിലേറെയും ഈദ് ആഘോഷിക്കാനായി ജന്മനാട്ടിലേക്കു പോവുകയായിരുന്ന തൊഴിലാളികളാണ്.
സിയാൽകോട്ടിൽനിന്ന് രജൻപുരിലേക്ക് വരികയായിരുന്ന ബസ് ദേരാഘാസി ഖാൻ ഇൻഡുസ് ഹൈവേയിൽ ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. 75 യാത്രക്കാർ ബസിലുണ്ടായിരുന്നു.
ഡ്രൈവർ ഉറങ്ങിയതിനെത്തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടായിരുന്നു അപകടമെന്ന് പരിക്കേറ്റ യാത്രക്കാർ പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മോശം റോഡുകളും വേണ്ടത്ര പരിശീലനം നേടിയിട്ടില്ലാത്ത ഡ്രൈവർമാരും ഏറെയുള്ള പാക്കിസ്ഥാനിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്.