ഡാനിഷ് സിദ്ദിഖിയുടെ തലയിലൂടെ താലിബാൻ വാഹനം കയറ്റിയിറക്കി
Thursday, July 22, 2021 12:44 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയോടു താലിബാൻ ചെയ്തത് കൊടും ക്രൂരത. സിദ്ദിഖിയുടെ ഒപ്പമുണ്ടായിരുന്ന അഫ്ഗാൻ കമാൻഡർ ബിലാൽ മുഹമ്മദ് ഇന്ത്യാ ടുഡേയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. താലിബാൻ ഭീകരർ പലതവണ വെടിയുതിർത്തു.
ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞതോടെ താലിബാൻകാർ മൃതദേഹത്തോട് അനാദരവ് കാട്ടി. ഇന്ത്യക്കാരെ അങ്ങേയറ്റം വെറുക്കുന്നവരാണ് താലിബാൻകാർ. സിദ്ദിഖി മരിച്ചെന്നറിഞ്ഞിട്ടും താലിബാൻ ഭീകരർ അദ്ദേഹത്തിന്റെ തലയിലൂടെ വാഹനം കയറ്റിയിറക്കി മൃതദേഹം വികലമാക്കി-ബിലാൽ അഹമ്മദ് പറഞ്ഞു.
അഞ്ചു വർഷമായി അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നയാളാണ് ബിലാൽ. കാണ്ഡഹാർ മേഖലയിലെ സ്പിൻ ബോൽഡാഡ് പട്ടണത്തിൽ അഫ്ഗാനിസ്ഥാൻ-താലിബാൻ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്ഗാൻ സൈന്യത്തിനൊപ്പമായിരുന്നു സിദ്ദിഖി. ഏറ്റുമുട്ടലിൽ ഒരു അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, സിദ്ദിഖിയുടെ മരണത്തിൽ തങ്ങൾക്കു പങ്കില്ലെന്നാണു താലിബാൻ അവകാശപ്പെടുന്നത്. സിദ്ദിഖി ശത്രുപക്ഷത്തായിരുന്നുവെന്നും മാധ്യമപ്രവർത്തകനാണെന്നു കാര്യം നേരത്തെ അറിയിക്കണമെന്നുമാണു താലിബാൻ പറയുന്നത്.