കിഴക്കൻ ചൈനയിൽ കൊടുങ്കാറ്റ്
Monday, July 26, 2021 12:33 AM IST
ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ നാശം വിതച്ച് ഇൻഫാ ചുഴലിക്കൊടുങ്കാറ്റ്. മധ്യചൈനയിൽ 58 പേർ കൊല്ലപ്പെട്ട പ്രളയത്തിന്റെ ആഘാതത്തിൽനിന്നു രാജ്യം മുക്തമാകും മുന്‍പാണു കൊടുങ്കാറ്റ് ഭീഷണി.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാംഗ്ഹായ് ഉൾപ്പെടുന്ന ഷെജിയാംഗ് പ്രവിശ്യയിൽ ഇന്നലെ വീശിയ ചുഴലിക്കൊടുങ്കാറ്റ് ശക്തമായ മഴയ്ക്കു കാരണമായി. വ്യാപകമായി മരങ്ങൾ കടപുഴകി. അതേസമയം, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നു നിർദേശിച്ചിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വേഗം കൈവരിച്ചതായാണു റിപ്പോർട്ട്. തായ്വാനിൽ പേമാരി വിതച്ച ശേഷമാണ് ഇൻഫാ ചൈനയിലേക്കു കടന്നിരിക്കുന്നത്.
ഷാംഗ്ഹായ് വിമാനത്താവളങ്ങളിലെ നൂറുകണക്കിനു സർവീസുകൾ റദ്ദാക്കപ്പെട്ടു. ഷാംഗ്ഹായിയിലെ തിരക്കേറിയ തുറമുഖങ്ങളിൽനിന്നു കപ്പലുകൾ മാറ്റി. ട്രെയിൻ സർവീസും തടസപ്പെട്ടു. വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചിരിക്കുന്നത്.
മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെംഗ്ഷൗവിൽ ഏതാനും ദിവസം മുന്‍പ് പേമാരിയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം വലിയ നാശം വിതച്ചിരുന്നു.