പട്ടിണി അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന കുറ്റകൃത്യം: ഫ്രാന്‍സിസ് മാര്‍പാപ്പ
Wednesday, July 28, 2021 12:33 AM IST
വത്തിക്കാന്‍ സിറ്റി: പട്ടിണി മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന കുറ്റകൃത്യമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. റോമില്‍ നടക്കുന്ന യുഎന്‍ ഭക്ഷ്യ ഉച്ചകോടിയുടെ ഭാഗമായാണു മാര്‍പാപ്പ സന്ദേശമയച്ചത്.
മുഴുവനാളുകൾക്കും ആവശ്യമായ ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍, വളരെയധികം ആളുകള്‍ പട്ടിണിയിലാണ്. പട്ടിണിയില്ലാതാക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഇതിനായി പ്രാദേശിക-അന്താരാഷ്ട്രതലത്തില്‍ നയ രൂപീകരണം നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു. തിങ്കളാഴ്ച ആരംഭിച്ച യുഎന്‍ ഭക്ഷ്യ ഉച്ചകോടി ഇന്നു സമാപിക്കും.