ഇറാനിൽ റെയ്സി അധികാരമേറ്റു
Thursday, August 5, 2021 11:14 PM IST
ടെഹ്റാൻ: തീവ്രനിലപാടുകാരനായ ഇബ്രാഹിം റെയ്സി ഇറാന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർലമെന്റിലായിരുന്നു ചടങ്ങുകൾ. റെയ്സിയുടെ നിയമനം പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയ് രണ്ടു ദിവസം മുന്പ് അംഗീകരിച്ചിരുന്നു.
മിതവാദിയായ ഹസൻ റൂഹാനിയിൽനിന്നു ഭരണമേറ്റെടുത്ത റെയ്സിക്ക് ഇറാന്റെ സാന്പത്തികനില മെച്ചപ്പെടുത്താനാകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഇറാന്റെ സാന്പത്തികനില തകർത്തുകളഞ്ഞത്.
അമേരിക്കയുമായും പശ്ചിമേഷ്യയുമായും ബന്ധം മെച്ചപ്പെടുത്താൻ റെയ്സി മുതിരുമോ എന്നു കണ്ടറിയണം. വൻശക്തികളും ഇറാനും തമ്മിലുള്ള ആണവകരാർ പുനരുജ്ജീവിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ നിർണായകമാകും.