യുഎസുമായുള്ള പ്രതിരോധ കരാർ ഇന്ത്യയെ അറിയിച്ചിരുന്നു: ഓസ്ട്രേലിയ
Saturday, September 18, 2021 12:30 AM IST
വാഷിംഗ്ടണ്‍: ഓസ്ട്രേലിയയുമായി പ്രതിരോധമേഖലയിലെ സഹകരണത്തിനു ധാരണയിലെത്തിയ യുഎസിനും യുകെയ്ക്കും രാജ്യാന്തരസമൂഹത്തിന്റെ വിമർശനം. അതേസമയം, ഇന്തോ പസഫിക് മേഖലയിലെ സുരക്ഷാഭീഷണിയെ അതിജീവിക്കുന്നതിന് ഇന്ത്യയുൾപ്പെടെ രാജ്യങ്ങളുമായി സഹകരിക്കാനാണ് കരാറിലൊപ്പിട്ടതെന്ന് ഓസ്ട്രേലിയ വിശദീകരിച്ചു.
സൈന്യത്തെ ആധുനികരിക്കാനുള്ള ചൈനയുടെ നീക്കം മേഖലയിലെ സുരക്ഷാസാഹചര്യങ്ങൾക്കു വെല്ലുവിളിയാണെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ബാരി ഓ ഫാരെൽ പറഞ്ഞു.
കരാറിലെത്തും മുന്‍പ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി സംസാരിച്ചിരുന്നു. ഇന്ത്യയും യുഎസും ഓസ്ട്രേലിയയും ജപ്പാനും ഉൾപ്പെടുന്ന ക്വാഡ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയെ കരാർ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.