ശത്രുത വെടിയാമെങ്കിൽ ദക്ഷിണകൊറിയയുമായി ചർച്ച: കിമ്മിന്റെ സഹോദരി
Saturday, September 25, 2021 12:14 AM IST
സീയൂൾ: ദക്ഷിണകൊറിയ ശത്രുതാ മനോഭാവം അവസാനിപ്പിക്കാമെങ്കിൽ കൊറിയകൾക്കിടയിൽ സാങ്കേതികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനു ചർച്ചയ്ക്കു സന്നദ്ധമാണെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് പറഞ്ഞു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന്റെ ആഹ്വാനത്തോടു പ്രതികരിക്കുകയായിരുന്നു ഇവർ.
കൊറിയകളെ ഉത്തര, ദക്ഷിണ രാജ്യങ്ങളായി വിഭജിച്ച 1950 - 53 കാലഘട്ടത്തിലെ യുദ്ധം ഇരുകൂട്ടരും വെടിനിർത്തി അവസാനിപ്പിക്കുകയായിരുന്നു. യുദ്ധം അവസാനിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതിനാൽ ഇരുരാജ്യങ്ങളും സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്.
യുദ്ധാവസാന പ്രഖ്യാപനത്തിന് ഉത്തരകൊറിയ തയാറാകണമെന്നാണു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ കഴിഞ്ഞദിവസം അഭ്യർഥിച്ചത്. ദക്ഷിണകൊറിയയെ പിന്തുണയ്ക്കുന്ന അമേരിക്കയും ഉത്തരകൊറിയയെ സഹായിക്കുന്ന ചൈനയും ഇതിന് ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ആഹ്വാനം ഉത്തരകൊറിയൻ നേതാക്കൾ നേരത്തേ തള്ളിയിരുന്നു. ഇന്നലെ കിമ്മിന്റെ സഹോദരി ചില ഉപാധികളുമായി രംഗത്തു വരികയായിരുന്നു. ഉത്തരകൊറിയയോടു ദക്ഷിണകൊറിയ കാട്ടുന്ന ശത്രുതാ മനോഭാവം, ഇരട്ടനയം, അടിസ്ഥാനമില്ലാത്ത മുൻവിധി തുടങ്ങിയവ ഒഴിവാക്കാമെങ്കിൽ മുഖത്തോടു മുഖം നോക്കി ചർച്ചയ്ക്കു സാധ്യതയുണ്ടെന്നാണ് അവർ പറഞ്ഞത്.
മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാലത്ത് ഉത്തര-ദക്ഷിണകൊറിയകൾ തമ്മിൽ ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.