നിരീക്ഷണം തുടരും: യുഎസ്
Monday, October 11, 2021 11:49 PM IST
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ അധികാരം സ്വന്തമാക്കിയ താലിബാൻ സംഘവുമായി ദോഹയിൽ തുറന്ന ചർച്ചയാണ് നടന്നതെന്ന് യുഎസ് വിദേശകാര്യമന്ത്രാലയം . താലിബാന്റെ തുടർനടപടികൾ നിരീക്ഷിക്കുമെന്നും കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ നടന്ന ചർച്ചയെക്കുറിച്ച് യുഎസ് വിശദീകരിച്ചു.
ചർച്ചയിൽ പറഞ്ഞ വാക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമല്ല പ്രവൃത്തികൾകൂടി വിലയിരുത്തിയശേഷമേ സർക്കാരിന് അംഗീകാരം ഉൾപ്പെടെ ആലോചിക്കൂ എന്ന് വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസ് പറഞ്ഞു.അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചശേഷം ആദ്യമായാണ് യുഎസുമായി ചർച്ച നടത്തിയത്.
സുരക്ഷാപ്രശ്നങ്ങൾക്കും മനുഷ്യാവകാശവിഷയങ്ങൾക്കുമായിരുന്നു പ്രാമുഖ്യം. അഫ്ഗാൻ സമൂഹത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ചും ആഴത്തിലുള്ള ആശയവിനിമയം നടന്നു. അഫ്ഗാൻ മണ്ണ് ഭീകരർക്ക് താവളമാകുന്നതും ശേഷിക്കുന്ന അഭയാർഥികളെ മറ്റുരാജ്യങ്ങളിലേക്ക് പോകാൻ അനുവദിക്കുന്നതും ചർച്ചാവിഷയമായി.
യുഎസ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസമാണ് ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
യുഎസിന്റെ ദേശീയ താത്പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താലിബാനുമായി നടത്തിവരുന്ന ആശയവിനിമയങ്ങളുടെ തുടർച്ചയാണിതെന്നും നെഡ് പ്രൈസ് പറഞ്ഞു.
ചർച്ചയിൽ താലിബാൻ നേതൃത്വവും തൃപ്തി രേഖപ്പെടുത്തി. രാഷ്ട്രീയ പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്തുവെന്ന് താലിബാൻ സ്ഥിരീകരിച്ചു. രാജ്യം സാന്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതിൽ ദരിദ്രവിഭാഗങ്ങൾക്ക് സഹായം എത്തിക്കാമെന്ന് യുഎസ് സമ്മതിച്ചുവെന്നും അവർ അവകാശപ്പെട്ടു.