നൈജീരിയയിൽ ഭീകരർ സെമിനാരി ആക്രമിച്ച് മൂന്നു പേരെ തട്ടിക്കൊണ്ടുപോയി
Thursday, October 14, 2021 1:34 AM IST
അബുജ: വടക്കൻ നൈജീരിയയിൽ ഭീകരർ കത്തോലിക്കാ സഭയുടെ മേജർ സെമിനാരി ആക്രമിച്ചു. മൂന്നു വൈദിക വിദ്യാർഥികളെ ഭീകരർ തട്ടിക്കൊണ്ടു പോയി.
തിങ്കളാഴ്ച രാത്രി കഡുനയിലെ കഫാചാൻ രൂപതയുടെ കീഴിൽ ഫായിതിലുള്ള ക്രൈസ്റ്റ് ദ കിംഗ് മേജർ സെമിനാരിയുടെ ചാപ്പലിനു നേർക്കായിരുന്നു ആക്രമണം. ആറു വൈദിക വിദ്യാർഥികൾക്കു പരിക്കേറ്റു.
ആക്രമണസമയത്ത് 150 പേർ സെമിനാരിയിലുണ്ടായിരുന്നു. ചൊവ്വാഴ്ച കുർബാനയ്ക്കുശേഷം നിയമപാലകർ നടത്തിയ തലയെണ്ണലിലാണു മൂന്നു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തിയത്. ഇവരെ മോചിപ്പിക്കാൻ ശ്രമമാരംഭിച്ചു.
വടക്കൻ നൈജീരിയയിൽ ക്രൈസ്തവർക്കുനേരേ ഭീകരർ നിരന്തരം ആക്രമണം നടത്തിവരികയാണ്. ആയിരക്കണക്കിനു പേരെയാണ് ഇസ് ലാമിക ഭീകരർ കൊലപ്പെടുത്തിയത്. നിരവധി പേരെ തട്ടിക്കൊണ്ടുപോയി.