ബോറിസ് ജോണ്‍സന്റെ ലോക്ഡൗണ്‍ ലംഘനം: സ്കോട്ലൻഡ് യാഡ് അന്വേഷിക്കും
Wednesday, January 26, 2022 12:53 AM IST
ലണ്ടൻ: കോവിഡ്-19 ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സൻ 2020 ജൂണിൽ ജന്മദിനാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ സ്കോട്ലൻഡ് യാഡ് അന്വേഷണം നടത്തും. സംഭവത്തിൽ കാബിനറ്റ് അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.
ജോണ്‍സന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സട്രീറ്റിലാണ് പാർട്ടി സംഘടിപ്പിച്ചത്. സംഭവം മെട്രോപൊളിറ്റൻ പോലീസ് അന്വേഷിക്കുമെന്ന് സ്കോട്ലൻഡ് യാഡ് അറിയിച്ചു.
ബോറിസ് ജോണ്‍സന്റെ 56-ാം ജന്മദിനമായ 2020 ജൂണ്‍ 19ന് അദ്ദേഹത്തിന്റെ ജീവനക്കാർ ചേർന്ന് ജന്മദിനാശംസ നേർന്നു. 10 മിനിറ്റ് ചടങ്ങ് നീണ്ടു- ഇതാണ് ഡൗണിംഗ് സ്ട്രീറ്റ് നൽകുന്ന വിശദീകരണം. എന്നാൽ, കർശന ലോക്ഡൗണ്‍ നിലനിന്നിരുന്ന സമയത്ത് 30 പേർ ചടങ്ങിൽ പങ്കെടുത്തെന്നും ഹാപ്പി ബെർത്ത് ഡേ പാട്ട് പാടിയെന്നും കേക്ക് വിതരണം നടത്തിയെന്നും ഐടിവി ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
ഡൗണിംഗ്സ്ട്രീറ്റിലെ കാബിനറ്റ് റൂമിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചടങ്ങ് നടന്നത്. ജോണ്‍സന്റെ കാമുകി (ഇപ്പോൾ ഭാര്യ) യായിരുന്ന കാരി സൈമണ്ട്സാണു പരിപാടി സംഘടിപ്പിച്ചത്.
ജന്മദിനാഘോഷത്തിന്റെ പോലീസ് റിപ്പോർട്ടിൽ അടിസ്ഥാനത്തിലായിരിക്കും ബോറിസ് ജോണ്‍സന്റെ ഭാവി. 54 കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങൾ ജോണ്‍സനുള്ള പിന്തുണ പിൻവലിച്ചിട്ടുണ്ട്.