താലിബാൻ സർക്കാരിനു വെല്ലുവിളി
Thursday, June 23, 2022 12:17 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരത്തിലുള്ള താലിബാൻ സർക്കാരിനു മറ്റൊരു വെല്ലുവിളിയായിരിക്കുകയാണ് പക്തിക മേഖലയിലെ ഭൂകന്പം. രണ്ടു ദശകത്തോളം രാജ്യത്ത് തന്പടിച്ച യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന പിന്മാറിയതോടെ കഴിഞ്ഞ വർഷമാണ് താലിബാൻ സർക്കാർ അധികാരത്തിലെത്തിയത്.
അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായ ഭൂകന്പമേഖലയിലെ കെട്ടിടങ്ങൾ പൂർണമായും തകർന്നടിഞ്ഞ നിലയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുക ദുഷ്കരമായി തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ സമ്മതിക്കുന്നു.
ബുധനാഴ്ച പുലർച്ചെയോടെ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ ദുരന്തഭൂമിയിൽ എത്തിയിരുന്നുവെങ്കിലും രാജ്യാന്തര സന്നദ്ധസംഘടനകളുടെ സാന്നിധ്യമില്ലാത്തതിനാൽ പ്രാഥമിക വൈദ്യസഹായം ഉൾപ്പെടെ മുടങ്ങി.
പർവതമേഖലയിലെ ദുഷ്കരമായ റോഡുകൾ ഭൂകന്പത്തിൽ തകർന്നതോടെ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ വേണ്ടിവരുമെങ്കിലും രാജ്യത്ത് അവ ലഭ്യമല്ലാത്ത അവസ്ഥയിലാണ്. പരിക്കേറ്റ ആളുകളുമായി ഹെലികോപ്റ്റർ കാത്തുനിൽക്കുന്ന നിരവധിപ്പേർ ദുരന്തമേഖലയിൽ ഉണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.