ഹോങ്കോംഗ് വാർഷികാഘോഷച്ചടങ്ങിൽ ഷി പങ്കെടുക്കും
Sunday, June 26, 2022 12:00 AM IST
ബെയ്ജിംഗ്: ഹോങ്കോംഗ് ചൈനയിലേക്കു മടങ്ങിയെത്തിയതിന്റെ 25-ാം വാർഷികാഘോഷച്ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കും. എന്നാൽ ഇതിനായി അദ്ദേഹം ഹോങ്കോംഗിൽ എത്തുമോ എന്നു വ്യക്തമല്ല.
അടുത്തിടെ ഹോങ്കോംഗിലെ ജനാധിപത്യവാദികളെ ഭരണകൂടം വ്യാപകമായി തടവിലാക്കിയിരുന്നു. പുതുതായി നിയമിക്കപ്പെട്ട ചീഫ് എക്സിക്യുട്ടീവ് ജോണ് ലീയുയുടെ സർക്കാരിന്റെ ഉദ്ഘാടനവും വാർഷികാഘോഷച്ചടങ്ങിനോട് അനുബന്ധിച്ചു നടക്കുമെന്നു സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
കാരീ ലാമിന്റെ പിൻഗാമിയായി നിയമിക്കപ്പെട്ട ജോണ് ലീ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുക്കുന്ന ജിൻപിംഗിനു നന്ദി പറഞ്ഞു പ്രസ്താവനയിറക്കി. കൊറോണ വൈറസ് വ്യാപനം ആരംഭിച്ചശേഷം ജിൻപിംഗ് രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്തിട്ടില്ല.