ക്രിമിയയിലെ റഷ്യൻ ആയുധശാലയിൽ സ്ഫോടനം; പിന്നിൽ യുക്രെയ്ൻ?
Wednesday, August 17, 2022 1:15 AM IST
കീവ്: യുക്രെയ്നിലെ റഷ്യൻ ഭരണാനുകൂല മേഖലയായ ക്രിമിയയിലെ ആയുധസംഭരണശാലയിൽ വൻ സ്ഫോടനം.
ഇതേത്തുടർന്നു മൂവായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. അടുത്തിടെ ഇതു രണ്ടാംതവണയാണു ക്രിമിയയിൽ ആക്രമണമുണ്ടാകുന്നത്. ഡിപ്പോയിൽനിന്നു വൻതോതിൽ തീയും പുകയും ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മെയ്സ്കോയിലെ ഡിപ്പോയിലുണ്ടായ ആക്രമണം റഷ്യ സ്ഥിരീകരിച്ചെങ്കിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തിയില്ല. സ്ഫോടനത്തിൽ പവർ പ്ലാന്റിനും ലൈനുകൾക്കും റെയിൽ ട്രാക്കിനും കെട്ടിടസമുച്ചയങ്ങൾക്കും തകരാറുണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ക്രിമിയയിലുണ്ടായ ആക്രമണത്തിനു പിന്നിൽ യുക്രെയ്നാണെന്നും റഷ്യ ആരോപിച്ചു. 2014 മുതൽ ക്രിമിയ റഷ്യൻ നിയന്ത്രണത്തിലാണ്.