സു ചിക്കും വിദേശ ഉപദേഷ്ടാവിനും തടവ്
Friday, September 30, 2022 12:31 AM IST
ബാങ്കോക്ക്: മ്യാൻമറിലെ രാഷ്ട്രീയനേതാവ് ആംഗ് സാൻ സു ചിക്കു സൈനിക കോടതി വീണ്ടും തടവുശിക്ഷ വിധിച്ചു.
രഹസ്യനിയമപ്രകാരം മൂന്നുവർഷത്തെ തടവാണ് അവർക്കു വിധിച്ചിരിക്കുന്നതെന്ന് പേരു വെളിപ്പെടുത്താത്ത നിയമ ഉദ്യോഗസ്ഥർ അസോസിയേറ്റ് പ്രസിനോടു പറഞ്ഞു. സമാന കേസിൽ സു ചി മന്ത്രിസഭയിലെ മൂന്ന് അംഗങ്ങൾക്കും മൂന്നു വർഷ തടവ് വിധിച്ചിട്ടുണ്ട്.
ഓസ്ട്രേലിയൻ സാന്പത്തിക വിദഗ്ധ ഷോണ്‍ ടർണെലിനെയും കോടതി ശിക്ഷിച്ചു. രഹസ്യനിയമം ലംഘിച്ചതിന്റെ പേരിൽ ഇവർക്കു മൂന്നു വർഷത്തെ തടവാണു വിധിച്ചിരിക്കുന്നത്. 20 മാസമായി ടർണെൽ ജയിലിലാണ്. ഈ കാലയളവ് ശിക്ഷയിൽനിന്നു കുറവുചെയ്യും.
സിഡ്നിയിലെ മക്വെയ്റി സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസറാണു ടർണെൽ. സു ചികിയുടെ ഉപദേഷ്ടാവായിരുന്ന ടർണെൽ, സൈനിക അട്ടിമറി നടന്ന കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തലസ്ഥാനമായ നായ്പിഡോയിൽ അറസ്റ്റിലാകുന്നത്.