ഋഷി സുനാകിനു പിഴയിട്ട് പോലീസ്
Sunday, January 22, 2023 2:37 AM IST
ലണ്ടൻ: കാറിൽ സഞ്ചരിക്കവെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിനു പിഴയിട്ട് പോലീസ്. ലങ്കാഷയർ പോലീസാണു സുനാകിന് 100 പൗണ്ട് പിഴ വിധിച്ചത്. വിഷയം കോടതിയിലേക്കു പോയാൽ പിഴ 500 പൗണ്ടാകാൻ സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനുവേണ്ടി വീഡിയോ പകർത്തവെയാണു സുനാക് സീറ്റ് ബെൽറ്റ് ധരിക്കാൻ മറന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പോലീസ് പിഴ വിധിച്ച് നോട്ടീസ് നൽകുകയായിരുന്നു. കുറ്റം സമ്മതിച്ച സുനാക് സംഭവത്തിൽ മാപ്പു പറയുകയും പിഴ അടയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.
സർക്കാരിന്റെ ഭാഗമായിരിക്കെ രണ്ടാംതവണയാണു സുനാകിന് പോലീസ് പിഴ വിധിക്കുന്നത്. 2020 ജൂണിൽ അന്നത്തെ പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും ഭാര്യ കാരിയ്ക്കുമൊപ്പം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു ഇതിനു മുന്‍പത്തെ ശിക്ഷ.