ഐടി കന്പനികളിലെ ലേ ഓഫ്: അമേരിക്കയിൽ കുടുങ്ങി ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രഫഷണലുകൾ
Tuesday, January 24, 2023 12:25 AM IST
വാഷിംഗ്ടൺ ഡിസി: ചെലവുചുരുക്കലിന്റെ ഭാഗമായി ഐടി കന്പനികൾ പ്രഖ്യാപിച്ച ലേ ഓഫിനെത്തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ തൊഴിൽരഹിതരായി അലയുന്നത് ആയിരക്കണക്കിന് ഇന്ത്യക്കാർ.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കന്പനികളിൽ ജോലിചെയ്തിരുന്നവരാണു തൊഴിൽരഹിതരായത്. ജോലിയിൽനിന്നു പിരിച്ചുവിട്ടതോടെ നിശ്ചിത കാലാവധിക്കുള്ളിൽ പുതിയ തൊഴിൽ കണ്ടെത്താൻ പലർക്കുമാകുന്നില്ല. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടവർ 60 ദിവസത്തിനുള്ളിൽ പുതിയ ജോലി നേടി വീണ്ടും എച്ച്-1 ബി വീസ നേടേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ പത്തു ദിവസത്തിനുള്ളിൽ രാജ്യം വിടണം.
കഴിഞ്ഞ വർഷം നവംബറിനുശേഷം രണ്ടു ലക്ഷത്തോളം ഐടി ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു പ്രമുഖ ദിനപത്രമായ വാഷിംഗ്ടൺ പോസ്റ്റ് പറയുന്നത്. തൊഴിൽ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോൺ കന്പനികളിൽ ജോലിചെയ്തിരുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടവരിൽ 30 മുതൽ 40 ശതമാനം വരെ ഇന്ത്യൻ ഐടി പ്രഫഷണലുകളാണെന്നതാണു നടുക്കുന്ന യാഥാർഥ്യം. ഇവരിൽ ഭൂരിഭാഗം പേരും എച്ച്-1ബി, എൽ1 വീസക്കാരാണ്.
വിദേശ രാജ്യങ്ങളിൽനിന്ന് സാങ്കേതികവിദഗ്ധരെയും മറ്റും നിയമിക്കാൻ യുഎസ് കന്പനികൾ അനുവദിക്കുന്നത് എച്ച്-1ബി വീസയാണ്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമൊക്കെ ഐടി കന്പനികൾ എല്ലാവർഷവും പതിനായിരക്കണക്കിനു പേരെ നിയമിക്കുന്നത് ഈ വീസ നൽകിയാണ്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ പുതിയ തൊഴിൽ കണ്ടെത്തിയില്ലെങ്കിൽ ഈ വീസയുടെ കാലാവധി തീരുമെന്നതാണു പ്രശ്നം.
നിശ്ചിതകാലത്തേക്കു വിദഗ്ധമേഖലയിലും മാനേജർതലത്തിലും കന്പനികൾ നടത്തുന്ന സ്ഥലംമാറ്റത്തിന്റെ ഭാഗമായി എത്തുന്നവർക്കാണ് എൽ-1, എൽ-1ബി വീസകൾ അനുവദിക്കുന്നത്. ഈ മൂന്ന് വീസകളും നോൺ ഇമിഗ്രന്റ് വർക്ക് വീസകളാണ്. ജോലി പോയാൽ 60 ദിവസത്തിനുള്ളിൽ വീസകളുടെ കാലാവധി തീരുകയും രാജ്യംവിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നതാണ് ഈ വീസകളുടെ പ്രത്യേകത.
എല്ലാ ഐടി കന്പനികളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറിച്ച് ചെലവ് ചുരുക്കാൻ തീരുമാനിച്ചതോടെ ദിവസം ചെല്ലുംതോറും സ്ഥിതിഗതികൾ അതീവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും രണ്ടു മാസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്താനാകാതെ മിക്ക ഇന്ത്യക്കാർക്കും മടങ്ങേണ്ടിവരുമെന്നുമാണു നിഗമനം. ആമസോണിൽനിന്നു പിരിച്ചുവിട്ടവരിൽ മൂന്നു മാസം മുന്പ് ജോലി ലഭിച്ച് അമേരിക്കയിൽ എത്തിയ ഇന്ത്യക്കാരുമുണ്ട്.
എച്ച്-1ബി വീസക്കാരോട് ഐടി കന്പനികൾ അനുകന്പ കാണിക്കണമെന്നും പുതിയ തൊഴിൽ കണ്ടെത്താനായി ടെർമിനേഷൻ തീയതി ഏതാനും മാസത്തേക്കുകൂടി നീട്ടണമെന്നും തൊഴിൽരഹിതർ ആവശ്യപ്പെടുന്നു.
തൊഴിൽരഹിതരായ ഇന്ത്യക്കാരെ സഹായിക്കാനും മറ്റ് ഐടി കന്പനികളുമായി ബന്ധപ്പെടുത്താനും ഗ്ലോബൽ ഇന്ത്യൻ ടെക്നോളജി പ്രഫഷണൽസ് അസോസിയേഷനും ഫൗണ്ടേഷൻ ഫോർ ഇന്ത്യ ആൻഡ് ഇന്ത്യൻ ഡിയാസ്പൊറ സ്റ്റഡീസും ശ്രമം ആരംഭിച്ചിട്ടുണ്ട്.
തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാർ പുതിയ തൊഴിലവസരങ്ങളെക്കുറിച്ച് അറിയിക്കാനും വീസകാര്യങ്ങളിൽ സഹായം നൽകാനും പരസ്പരം സഹായിക്കുന്നതിനായി വിവിധ വാട്സ് ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ച് ആശയവിനിമയം നടത്തിവരികയാണ്.