പ്രാർഥനയോടെ ഫ്രാൻസിസ് മാർപാപ്പ വത്തിക്കൻ സിറ്റി: മൊറോക്കോ ഭൂകന്പത്തിൽ ദുഃഖം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, ദുരന്തബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ മരിച്ചവർക്കു വേണ്ടിയും പരിക്കേറ്റവർക്കു വേണ്ടിയും മാർപാപ്പ പ്രാർഥിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നതായി മാർപാപ്പ അറിയിച്ചു. ദുരന്തമേഖലയിൽ പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകരെ അദ്ദേഹം അനുസ്മരിച്ചു.
മൊറോക്കോയ്ക്കൊപ്പം ലോകം: മോദി ന്യൂഡൽഹി: ലോകം മൊത്തം മൊറോക്കോയ്ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാധ്യമായ എല്ലാ സഹായവും നല്കുന്നതിന് സന്നദ്ധമാണ്. പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്നു പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മോറോക്കോ നേരിട്ട ദുരന്തത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ദുഃഖിതനാണെന്നും വേണ്ട സഹായങ്ങൾ നല്കാൻ യുഎൻ സന്നദ്ധമാണെന്നും സംഘടനാ വക്താവ് സ്റ്റീഫൻ ദുഴാറിക് പറഞ്ഞു.
അമേരിക്ക എല്ലാവിധ സഹായവും നല്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.
ആഫ്രിക്കൻ യൂണിയൻ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, തുർക്കി പ്രസിഡന്റ് എർദോഗൻ തുടങ്ങിയവരും ചൈന, തായ്വാൻ, യുഎഇ, സ്പെയിൻ, ഖത്തർ രാജ്യ നേതാക്കളും അനുശോചനം അറിയിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമുണ്ടായി.