അസർബൈജാനും അർമേനിയയും വെടിനിർത്തൽ പ്രഖ്യാപിച്ചു
Thursday, September 21, 2023 1:27 AM IST
യെരെവാൻ: നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി അയൽരാജ്യങ്ങളായ അർമേനിയയും അസർബൈജാനും തമ്മിൽ ഉടലെടുത്ത സംഘർഷത്തിനു താത്കാലിക വിരാമം.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചു. റഷ്യയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് ഇന്നലെ പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നിനു വെടിനിർത്തൽ പ്രാബല്യത്തിലായത്.
ചൊവ്വാഴ്ചയായിരുന്നു അസർബൈജാൻ സേന നാഗോർണോയിൽ ആക്രമണം ആരംഭിച്ചത്. തീവ്രവാദവിരുദ്ധ ഓപ്പറേഷനാണു നടത്തുന്നതെന്നാണ് അസർബൈജാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്. പീരങ്കികളുൾപ്പെടെ വൻ സന്നാഹവുമായിട്ടായിരുന്നു അസൈർബൈജാന്റെ ആക്രമണം.
ഇന്നലെ രാവിലെയും നാഗോർണോ-കരാബാക്ക് മേഖലയിൽ സ്ഫോടനമുണ്ടായി. സൈനികകേന്ദ്രങ്ങളെ മാത്രമാണു ലക്ഷ്യമിടുകയെന്ന് അസർബൈജാൻ അറിയിച്ചെങ്കിലും നാഗോർണോ-കാരബാക്ക് പ്രവിശ്യാ തലസ്ഥാനമായ സ്റ്റെപാനകെർട്ടിൽ കടകൾക്കും വാഹനങ്ങൾക്കും വെടിവയ്പിൽ നാശനഷ്ടമുണ്ടായി.
ഏഴു നാട്ടുകാരടക്കം 32 പേർ കൊല്ലപ്പെട്ടുവെന്നും ഇരുനൂറിലേറെ പേർക്കു പരിക്കേറ്റുവെന്നും മനുഷ്യാവകാശ ഓംബുഡ്സ്മാൻ ഗെഘാൻ സ്റ്റെപാന്യൻ പറഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഷുഷ നഗരത്തിൽ അർമേനിയൻ സൈന്യത്തിന്റെ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് അസർബൈജാനി പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് അറിയിച്ചു.
നാഗോർണോ-കാരബാക്ക് മേഖലയിൽനിന്ന് രണ്ടായിരത്തിലേറെ പ്രദേശവാസികളെ ഒഴിപ്പിച്ചെന്ന് ഇന്നലെ റഷ്യൻ സമാധാന ദൗത്യസംഘം അറിയിച്ചു. ഇവരെ എങ്ങോട്ടാണു കൊണ്ടുപോയതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കിയില്ല.
നാഗോർണോ-കരബാക്ക് പ്രവിശ്യക്കുവേണ്ടി അസർബൈജാനും അർമേനിയയും തമ്മിലുള്ള തർക്കത്തിന് മൂന്നു ദശകത്തെ പഴക്കമുണ്ട്. 2020ൽ തർക്കം ആറാഴ്ച നീണ്ട യുദ്ധത്തിലെത്തി. അസർബൈജാന്റെ ഉള്ളിലാണു നാഗോർണോ കരാബാക് സ്ഥിതി ചെയ്യുന്നത്. 1,20,000 അർമേനിയൻ വംശജർ ഇവിടെ വസിക്കുന്നു. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു.