മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം
Friday, October 11, 2024 12:03 AM IST
താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് പരക്കെ നാശം. നാലു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. നൂറിലധികം വീടുകൾ തകർന്നു. 30 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചുമാറ്റിയത് അടക്കമുള്ള മുന്നൊരുക്കങ്ങൾ ദുരന്തവ്യാപ്തി കുറച്ചതായി അനുമാനിക്കുന്നു.
കാറ്റഗറി മൂന്നിലേക്കു താണ മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണു കരതൊട്ടത്. വേഗം 150 കിലോമീറ്ററായി താഴ്ന്ന കാറ്റിനെ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രവേശിക്കുന്ന മിൽട്ടന്റെ വേഗം ഇനിയും താഴും.
കൊടുങ്കാറ്റ് മൂലം ഫ്ലോറിഡയിൽ കനത്ത മഴയുണ്ടായി. താന്പ ബേ മേഖലയിലെ താന്പ, സെന്റ് പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ മിന്നൽപ്രളയം ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ്ബർഗിൽ 42.2 സെന്റമീറ്റർ മഴ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇതിനിടെ പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കിർക്ക് എന്നു പേരുള്ള ചുഴലിക്കൊടുങ്കാട്ട് ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ രാജ്യങ്ങളിൽ നാശം വിതച്ചു.