രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണം: മാർപാപ്പ
Saturday, October 12, 2024 1:49 AM IST
വത്തിക്കാൻ സിറ്റി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. റഷ്യൻ അധിനിവേശത്തിൽ യുക്രെയ്ൻ ജനത നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു.
യുക്രെയ്നിലെ കുട്ടികളിൽ പലർക്കും ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് മാർപാപ്പയും സെലൻസ്കിയും സമ്മാനങ്ങൾ കൈമാറി.
സമാധാനത്തിലും സുരക്ഷയിലും നിലനിൽക്കാനുള്ള അവകാശം എല്ലാ രാജ്യങ്ങൾക്കുമുണ്ടെന്ന് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഫ്രാൻസിസ് മാർപാപ്പ സോഷ്യൽ മീഡിയയിൽ കുറിച്ചു. രാജ്യങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും യുദ്ധം, വിദ്വേഷം എന്നിവ മരണവും നാശവുമാണ് എല്ലാവർക്കും നല്കുന്നതെന്നും എക്സിലെ കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
വത്തിക്കാനിലെ അപ്പസ്തോലിക വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. തുടർന്ന് സെലൻസ്കി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി.ജൂണിൽ ജി-7 ഉച്ചകോടിക്കിടെ മാർപാപ്പയും സെലൻസ്കിയും ചർച്ച നടത്തിയിരുന്നു.