ടൈക്കോണ്‍ കേരള-2019 ന് ഒരുക്കങ്ങളായി
Saturday, September 14, 2019 11:40 PM IST
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2019ന്റെ തയാറെടുപ്പിൽ ടൈ കേരള. ഒക്ടോബർ നാലിനും അഞ്ചിനും ലേ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ ഡോ. കിരണ്‍ ബേദി ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിന്നിംഗ് സ്ട്രാറ്റജീസ് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് ടൈക്കോണ്‍ സമ്മേളനമാണിത്.
കെപിഎംജി ചെയർമാനും സിഇഒയുമായ അരുണ്‍ എം. കുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഫുഡ് ആൻഡ് അഗ്രി ബിസിനസ് കന്പനിയായ ഓളം ഇന്റർനാഷണലിന്റെ സഹസ്ഥാപകനും വേൾഡ് ബിസിനസ് കൗണ്‍സിൽ ഫോർ സസ്റ്റേനബിൾ ഡവലപ്മെന്റ് ചെയർമാനുമായ സണ്ണി വർഗീസ് ചർച്ച നയിക്കും. ഡോ. സുബ്രഹ്മണ്യൻ സ്വാമി എംപി പ്രത്യേക പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരംഭകർക്കും സ്റ്റാർട്ടപ്പ് കന്പനികൾക്കും പ്രഫഷണലുകൾക്കും വിദ്യാഥികൾക്കുമായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2000 രൂപയാണ് ഇത്തവണ ഫീസ്. https://tieconkerala.org. 0484 4015752, 4862559 [email protected] എന്നിവ വഴി സെപ്റ്റംബർ 22 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ: 9895577913.
ആഗോള സംഘടനയായ ദി ഇൻഡസ് എന്റർപ്രണേഴ്സിന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകർ. ടൈക്കോണ്‍ കേരള സീനിയർ വൈസ് പ്രസിഡന്റ ്അജിത് മൂപ്പൻ, പ്രോഗ്രാം ചെയർ മുകുന്ദ് കൃഷ്ണ, ടൈ അവാർഡ്സ് ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള ഡയറക്ടർ നിർമൽ പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.