അവഗണന: സെക്രട്ടേറിയറ്റ് പടിക്കൽ വ്യാപാരികള്‍ ഇന്നു ധര്‍ണ നടത്തും
Tuesday, September 17, 2019 10:36 PM IST
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടു വര്‍ഷങ്ങളിലായുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച വ്യാപാരമേഖലയെ സര്‍ക്കാര്‍ അവഗണിക്കുന്നതിലും പ്രളയസെസ് പോലുള്ള നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതിലും പ്രതിഷേധിച്ച് വ്യാപാരി-വ്യവസായികൾ സമരരംഗത്ത്. പ്രതിഷേധ സൂചകമായി നാളെ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ സൂചനാധര്ണ നടത്തും.
വ്യാപാരമേഖലയ്ക്ക് 500 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പ്രകൃതിക്ഷോഭത്തത്തുടര്ന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായങ്ങളും ആനുകൂല്യങ്ങളും നല്‍കിയെങ്കിലും വ്യാപാരിസമൂഹത്തിനു മാത്രം ആനുകൂല്യം നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തദ്ദേശ സ്വയംഭരണമന്ത്രിക്കും റവന്യു മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് വ്യാപാരികള്‍ പ്രത്യക്ഷസമരത്തിലേക്കു നീങ്ങിയത്. സംഘടനയുടെ 14 ജില്ലകളിലെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് ധര്‍ണയില്‍ പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ദീപികയോടു പറഞ്ഞു.
വ്യാപാരികളുടെ നിലനില്പിനായി നടത്തുന്ന പോരാട്ടമാണിത്. ലക്ഷക്കണക്കിന് വ്യാപാരികളെ അണിനിരത്തിയുള്ള സമരത്തിന് സംഘടന തയാറാണ്. ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ മാത്രം ധര്‍ണ നടത്തുന്നത്.
ദുരിതമനുഭവിക്കുന്ന മലപ്പുറം ജില്ലയിലെ വ്യാപാരമേഖലയ്ക്കായി സംസ്ഥാന കമ്മിറ്റി മാത്രം ഇത്തവണ ഒരു കോടിരൂപയാണ് നല്‍കിയത്. കണ്ണൂരിന് ഒന്നേകാല്‍ കോടി രൂപയും വയനാട് ജില്ലയ്ക്ക് 25 ലക്ഷവും താത്കാലികാശ്വാസമായി നല്കി. ഇതിനു പുറമേ ജില്ലാകമ്മിറ്റി കൂടി നല്കിയ സഹായത്താലാണ് വ്യാപാരികള്‍ ഇപ്പോള്‍ കച്ചവടം നടത്തുന്നത്. എന്നിട്ടും സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജു അപ്സര പറഞ്ഞു.
വ്യാപാരിക്ഷേമബോര്‍ഡ്, വ്യവസായ വകുപ്പ്, റവന്യു വകുപ്പ്, ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് തുടങ്ങിയ വിഭാഗങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ വ്യാപാരികളില്‍നിന്നു ശേഖരിച്ചിരുന്നു. എന്നാല്‍, നഷ്ടപരിഹാരമോ അറിയിപ്പുകളോ വ്യാപാരികള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. മാത്രമല്ല അശാസ്ത്രീയമായ പ്രളയസെസ് വ്യപാരികളുടെമേല് പ്രയോഗിച്ചിരിക്കുകയാണ്. താറുമാറായി കിടക്കുന്ന കേരളത്തിലെ ചെറുകിട വ്യാപാര മേഖലയുടെ പതനം ഇതോടെ പൂര്‍ത്തിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
2018ലെയും 2019ലെയും പ്രകൃതിക്ഷോഭം മൂലം കച്ചവടം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വ്യാപാരി ക്ഷേമനിധിയില്‍നിന്ന് മുഴുവന്‍ അംഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുക, പ്രളയത്തിന്റെ പേരില്‍ ജിഎസ്ടി നിയമത്തില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടി മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.